നവയുഗത്തിന്റെ സഹായത്തോടെ ദുരിതങ്ങള്‍ താണ്ടി ഷാക്കിറ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: പ്രവാസത്തിന്റെ ദുരിതങ്ങളില്‍പ്പെട്ട് ജീവിതം വഴിമുട്ടിയ ഇന്‍ഡ്യാക്കാരി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി, വനിതാ അഭയകേന്ദ്രം വഴി നാട്ടിലേയ്ക്ക് മടങ്ങി.

ബാംഗ്ലൂര്‍ സ്വദേശിനി ഷാക്കിറയാണ് ഏറെ കഷ്ടപ്പാടുകള്‍ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്.

ഏറെ പ്രതീക്ഷകളോടെയാണ് ഷാക്കിറ രണ്ടു മാസം മുമ്പ് നാട്ടില്‍ നിന്നും സൗദി അറേബ്യയിലെ ദമ്മാമില്‍ വീട്ടുജോലിയ്ക്ക് എത്തിയത്. എന്നാല്‍ ആ വീട്ടിലെ ജോലി സാഹചര്യങ്ങള്‍ വളരെ മോശമായിരുന്നു. വിശ്രമം പോലുമില്ലാതെ പകലന്തിയോളം ജോലി ചെയ്യിച്ചതും പോരാഞ്ഞിട്ട്, എപ്പോഴും ജോലി ശരിയല്ല എന്ന് അനാവശ്യമായി ശകാരവും മാനസികപീഢനങ്ങളും ഷാക്കിറയ്ക്ക് അനുഭവിയ്‌ക്കേണ്ടി വന്നു. എങ്കിലും നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് കഴിവതും ആ ജോലിയില്‍ പിടിച്ചു നില്‍ക്കാന്‍ ഷാക്കിറ ശ്രമിച്ചു.

ഒരു ദിവസം ടോയ്ലറ്റ് വൃത്തിയാക്കിയത് ശരിയായില്ല എന്ന് പറഞ്ഞ് ആ വീട്ടുടമസ്ഥ ഷാക്കിറയെ ചീത്ത പറഞ്ഞു. എന്നാല്‍ താന്‍ നന്നായിയാണ് വൃത്തിയാക്കിയത് എന്ന് ഷാക്കിറ വാദിച്ചപ്പോള്‍, കോപം കൊണ്ട് നിയന്ത്രണം നഷ്ടമായ വീട്ടുടമസ്ഥ കക്കൂസ് വൃത്തിയാക്കുന്ന ആസിഡ് തട്ടിയെറിയുകയും, അത് വീണ് ഷാക്കിറയ്ക്ക് മുഖത്ത് പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഷാക്കിറ ‘താനിനി ജോലി ചെയ്യില്ലെന്ന്’ ശക്തമായി പ്രതികരിച്ചപ്പോള്‍, വീട്ടുകാര്‍ അവരെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ഷാക്കിറ നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു ഷാക്കിറയുടെ സ്പോണ്‍സറെ ബന്ധപ്പെട്ടെങ്കിലും അവര്‍ തങ്ങള്‍ക്ക് ഇനിയൊന്നും അറിയണ്ട എന്ന് പറഞ്ഞു കൈയൊഴിഞ്ഞു. തുടര്‍ന്ന് മഞ്ജു വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഷാക്കിറയ്ക്ക് ഫൈനല്‍ എക്‌സിറ്റും, ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ ഔട്ട്പാസ്സും എടുത്തു കൊടുത്തു.

നവയുഗത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം ജുബൈലില്‍ ജോലി ചെയ്യുന്ന സയ്യദ് എന്ന പ്രവാസി ഷാക്കിറയ്ക്ക് വിമാനടിക്കറ്റും, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ബാഗും, അത്യാവശ്യസാധനങ്ങളും നല്‍കി.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു ഷാക്കിറ നാട്ടിലേയ്ക്ക് മടങ്ങി.