എ ടി എം പണിമുടക്കിയാല്‍ ഉപാഭോക്താക്കള്‍ക്ക്‌ ബാങ്ക് പണം നല്‍കണം ; പരാതികള്‍ ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കണമെന്നും റിസര്‍വ് ബാങ്ക്

എ ടി എം വഴിയുള്ള പണമിടപാടുകള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് റിസര്‍വ് ബാങ്ക്. എടിഎം ഇടപാട് സംബന്ധിച്ച് ഉപയോക്താക്കള്‍ക്കുള്ള പരാതികള്‍ ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കണമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു. എടിഎം അനുവദിച്ച ബ്രാഞ്ചില്‍ പരാതി ലഭിച്ച് ഏഴ് ദിവസത്തിനകം പരിഹരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. എടിഎം ഇടപാടിനിടെ അക്കൗണ്ടില്‍ നിന്ന് പണം ക്രെഡിറ്റ് ആവുകയും പണമിടപാട് പരാജയപ്പെടുകയും ചെയ്താല്‍ ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പണം തിരികെ ലഭിക്കുകയും ചെയ്തില്ലെങ്കില്‍ ഒരു ദിവസത്തിന് 100 രൂപ എന്ന കണക്കില്‍ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആര്‍ബിഐ പറയുന്നത്. പണമിടപാട് നടന്ന് 30 ദിവസത്തിനുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ മാത്രമാണ് ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശമുണ്ടായിരിക്കുക. എടിഎം കാര്‍ഡ‍് അനുവദിച്ച ബ്രാഞ്ചിനെയാണ് ഇതിനായി പരാതിയുമായി സമീപിക്കേണ്ടത്.

അക്കൗണ്ടുള്ള ബ്രാഞ്ച് പരാതി സ്വീകരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ പരാതിയുമായി ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കുകയും ചെയ്യാം. നിലവില്‍ എടിഎം വഴി നടത്തുന്ന പണമിടപാടുകള്‍ പരാജയപ്പെട്ടാല്‍ 12 പ്രവൃത്തി ദിവസത്തിനുള്ളില്‍ പണം തിരികെ അക്കൗണ്ടില്‍ ലഭ്യമാക്കണമെന്നാണ് 2009 മുതലുള്ള റിസര്‍വ് ബാങ്കിന്‍റെ ചട്ടം. എന്നാല്‍ പുതിയ ചട്ടത്തില്‍ 12 ദിവസം എന്ന കാലയളവ് ഏഴ് ദിവസമാക്കി കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. അതിന് പുറമേ പണമിടപാട് പരാജയപ്പെട്ട് 30 ദിവസത്തിനുള്ളില്‍ കാര്‍ഡ് അനുവദിച്ച ബാങ്കില്‍ നിര്‍ബന്ധമായി പരാതി നല്‍കിയിരിക്കണമെന്നും പുതിയ മാര്‍ഗ്ഗനിര്‍ദേശം സൂചിപ്പിക്കുന്നു. എന്നാല്‍ 30 ദിവസത്തിന് ശേഷം ബാങ്കിനെ സമീപിച്ചാലും നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ അധിക നഷ്ടപരിഹാരം അവകാശപ്പെടാന്‍ അര്‍ഹതയുണ്ടായിരിക്കില്ല.