കശാപ്പ് നിരോധന വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കശാപ്പിനു വേണ്ടി കാലിച്ചന്തകളില്‍ കന്നുകാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് നവംബര്‍ 30ന് പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നത്. 2017 മെയ് 23നാണ് മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം വിവാദ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. പശു, കാള, പോത്ത്, ഒട്ടകം എന്നിവയെ കശാപ്പിനു വേണ്ടിയോ മതചടങ്ങുകളുടെ ഭാഗമായ ബലി കര്‍മ്മങ്ങള്‍ക്കു വേണ്ടിയോ വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വ്യാപക പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.

മൃഗങ്ങളെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി എന്ന വാദത്തോടെയാണ് കേന്ദ്രം ഉത്തരവ് കൊണ്ടുവന്നത്. എന്നാല്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. നിലമുഴല്‍ ഉള്‍പ്പെടെ കാര്‍ഷിക ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം കന്നുകാലികളെ വളര്‍ത്തുന്നത് ലാഭകരമല്ലെന്നായിരുന്നു കര്‍ഷകരുടെ വാദം. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാലിവളര്‍ത്തല്‍ വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു കേന്ദ്ര ഉത്തരവ്.

കര്‍ഷകര്‍ നല്‍കിയ പരാതിയെതുടര്‍ന്ന് വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതും കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായി. ഇതോടെയാണ് വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വിവാദ ഉത്തരവ് പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് വിമര്‍ശനമുണ്ട്. കാലിവളര്‍ത്തലും ക്ഷീരവ്യവസായവും ഗുജറാത്ത് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്.