ഉള്‍ക്കടലില്‍പ്പെട്ടവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഫലപ്രദമല്ല; മല്‍സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി
കൊച്ചുവേളി മേഖലയില്‍നിന്ന് മല്‍സ്യബന്ധനത്തിനായി പോയ നാലു പേരേക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് മല്‍സ്യത്തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിക്കുകയാണ്. അതിനിടെ, തീരദേശത്ത് പ്രബലമായ ലത്തീന്‍ സഭയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. രണ്ട് മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തിനിടെ ഉള്‍ക്കടലില്‍പ്പെട്ടവരെ കരയിലെത്തിക്കാനുള്ള നടപടികള്‍ ഫലപ്രദമല്ലെന്ന് ആരോപിച്ച് മല്‍സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. കടലില്‍ ഇറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് സ്വന്തം സുരക്ഷ അവഗണിച്ചും കൂടെയുള്ളവരെ രക്ഷിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ നേരിട്ട് തിരച്ചിലിന് ഇറങ്ങിയത്. കടലില്‍പ്പെട്ടവരുടെ ജീവനാണ് തങ്ങള്‍ക്കു പ്രധാനമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.
നാലു ബോട്ടുകളിലായി 20 തൊഴിലാളികളാണ് കൊല്ലത്തുനിന്ന് പുറപ്പെട്ടത്. അതേസമയം, തിരച്ചിലിനു മല്‍സ്യത്തൊഴിലാളികളുടെ വലിയ ബോട്ടിറക്കാമെന്ന് തിരുവനന്തപുരം കലക്ടര്‍ കെ.വാസുകി അറിയിച്ചു. ബോട്ടിന്റെ റജിസ്റ്റര്‍ നമ്പര്‍ പൊലീസിനു കൈമാറണമെന്നും അദ്ദേഹം അറിയിച്ചു. ബോട്ടുകള്‍ രണ്ടു നോട്ടിക്കല്‍ മൈല്‍ അപ്പുറം പോകരുത് എന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് 107 പേര്‍ മടങ്ങിയെത്താനുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.