ഓഖി വടക്കന്‍ കേരളത്തിലും ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പ്; ജനങ്ങള്‍ ഭീതിയില്‍

ഓഖി ചുഴലിക്കാറ്റ് വടക്കന്‍ കേരളത്തിലും ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഡിസംബര്‍ നാലുവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കോഴിക്കോട് ഫിഷറീസ് കണ്‍ട്രോള്‍ റും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ബേപ്പൂരില്‍ നിന്നും നാല് ദിവസം മുമ്പ് പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ സുരക്ഷിതമായി തിരിച്ചെത്തി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കരയ്ക്കെത്താന്‍ വലിയ പ്രയാസമനുഭവിച്ചെന്ന് രക്ഷപ്പെട്ടെത്തിയ മത്സ്യതൊഴിലാളികള്‍ പറയുന്നു. ബേപ്പുരില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കടലില്‍പോയ മത്സ്യബന്ധന ബോട്ടുകള്‍ പോര്‍ബന്തര്‍ തീരത്തും ഗോവത്തീരത്തും അടുപ്പിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുറം കടലില്‍ കുടുങ്ങിയ ചില ബോട്ടുകല്‍ പുതിയാപ്പ ഹാര്‍ബറിലും തിരിച്ചെത്തിയിട്ടുണ്ട്. കോഴിക്കോട് ബീച്ചില്‍ എത്തുന്നവര്‍ക്കും തീരദേശവാസികള്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.