ഓഖി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ദുരിതാശ്വാസം നല്‍കും;കടലില്‍ കുടുങ്ങിയ 400 പേരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ‘ഓഖി’ ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൂടുതല്‍ തുക ലഭിക്കും.അപകടത്തില്‍പ്പെട്ടവരില്‍ ഇതുവരെ 400 പേരെ രക്ഷപ്പെടുത്തി. ബോട്ടും ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കും. ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാകും തുക നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഓഖി ചുഴലിക്കാറ്റ് മൂലം ഏഴരക്കോടിയുടെ നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. ഏറ്റവും നാശമുണ്ടായത് ഇടുക്കിയില്‍, നാലുകോടിരൂപയുടെ നാശനഷ്ടം. തിരുവനന്തപുരത്തു രണ്ടരക്കോടിയുടെ നാശനഷ്ടം ഉണ്ടായി. 56 വീടുകള്‍ പൂര്‍ണമായും 679 വീടുകള്‍ ഭാഗികമായും തകര്‍ന്നു. റവന്യുവകുപ്പിന്റെ പ്രാഥമിക വിലയിരുത്തലാണിത്. ദുരിതാശ്വാസ ക്യാംപുകളില്‍ 529 കുടുംബങ്ങളാണ് ഉള്ളത്.

ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തില്‍ ഇന്നലെ മൂന്നു പേര്‍ കൂടി മരിച്ചതോടെ കേരളത്തില്‍ മരണം ഏഴായി. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ സേവ്യര്‍ ലൂയിസ് (57), ക്രിസ്റ്റി സില്‍വദാസന്‍ (51) എന്നിവരും ഒരു കാസര്‍കോട് സ്വദേശിയുമാണ് ഇന്നലെ മരിച്ചത്. തമിഴ്‌നാട്ടിലും മരണം ഏഴായി.

കേരളതീരത്തുനിന്നു ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപ് വഴി തിരിഞ്ഞ ഓഖി നാളെ ഗുജറാത്തു തീരത്തേക്കു കടക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. കേരള തീരത്തേക്കാള്‍ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിനു മുകളിലെത്തിയത്. അതേസമയം, നാളെ ഗുജറാത്ത് തീരത്തടുക്കുമ്പോഴേക്കും ശക്തി കുറഞ്ഞു ന്യൂനമര്‍ദം മാത്രമായി മാറും.