മാനം തെളിഞ്ഞു; തലസ്ഥാന നഗരി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു
തിരുവനന്തപുരം:കഴിഞ്ഞ രണ്ടു ദിവസം മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ തകര്‍ത്തടിച്ച ഓഖി ചുഴലികാറ്റ് പടര്‍ത്തിയ ഭീതിയുടെയും ആശങ്കയുടെയും നിഴലില്‍ നിന്നും തലസ്ഥാന നഗരി മുക്തരാകുന്നു.രാവിലെ ചെറിയ രീതിയില്‍ മഴ പെയ്തുവെങ്കിലും,തിരുവന്തപുരത്ത് ഇപ്പോള്‍ തെളിഞ്ഞ ആകാശമാണ്.വലിയ രീതിയിലുള്ള കാറ്റും ഇല്ല.നഗരത്തില്‍ റോഡ് ഗതാതം സാധാരണ ഗതിയില്‍ തന്നെയാണ്.എങ്കിലും തീരെ ദേശങ്ങളില്‍ ഇപ്പോഴും ചെറിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. കടലില്‍ ഇപ്പോഴും കൂറ്റന്‍ തിരമാലകള്‍ ഉണ്ടാകുന്നത് ഇവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
തീരപ്രദേശങ്ങളിലും നഗരത്തിന്റെ ചിലയിടങ്ങളിലും വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സാധാരണ ജീവിതം താറുമാറാക്കി.മുന്നറിയിപ്പ് ലഭിക്കുന്നതിന് മുന്‍പേ കടലില്‍ മത്സ്യബന്ധനത്തിന് പോയ മല്‍സ്യത്തൊഴിലാളികളില്‍ ഏറെപ്പേരും കടലില്‍ കുടുങ്ങിപ്പോയി.പിന്നാലെ കടല്‍ പ്രക്ഷുബ്ധമായതോടെ തീരാ ദേശത്ത് ആശങ്ക വര്‍ധിച്ചു. ഇത് പിന്നീട് കൂട്ട നിലവിളിയിലേക്ക് കടന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വ്യോമ-നാവിക സേനാപ്രവര്ത്തകരടങ്ങുന്ന സംഘം സജീവമായി നടത്തിയ രക്ഷ പ്രവര്‍ത്തനത്തിലൂടെ ഇവരില്‍ കുറച്ചുപേരെ കരയ്ക്കെത്തിച്ചെങ്കിലും ചിലര്‍ മരണത്തിനു കീഴടങ്ങി.പൂന്തുറ സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍കൂടി വെള്ളിയാഴ്ച മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഏഴായി.തിരുവനന്തപുരം ജില്ലയില്‍ അഞ്ചും കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തരുമാണ് രണ്ടുദിവസമായി മരിച്ചത്. കന്യാകുമാരിയിലും ലക്ഷദ്വീപിലുമായി അഞ്ചുപേര്‍ക്കും ജീവന് നഷ്ടമായി.
പൂന്തുറ, വിഴിഞ്ഞം മേഖലയില്‍ കടലില്‍ കുടുങ്ങിയ 218 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ഇനി എത്രപേര്‍ കടലില്‍ അകപ്പെട്ടിട്ടുണ്ടെന്നതിന് വ്യക്തതയില്ല. രക്ഷപ്പെടുത്തിയ 37 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്?പത്രിയിലും 34 പേരെ ജനറല്‍ ആസ്?പത്രിയിലും പ്രവേശിപ്പിച്ചു.ചുഴലിക്കാറ്റ് വിവരം മുന്‍കൂട്ടി അറിയിക്കാത്തതിലും രക്ഷാപ്രവര്‍ത്തനം വൈകിയതിലും പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും മത്സ്യത്തൊഴിലാളികള്‍ വഴിതടഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് മത്സ്യത്തൊഴിലാളികള്‍ നേരിട്ട് കടലില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.
സംസ്ഥാനത്താകെ 56 വീടുകള്‍ പൂര്‍ണമായും 799 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായി 29 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 491 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.24 മണിക്കൂറില്‍ കേരളത്തിലും ലക്ഷദ്വീപിലും കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ 12-20 സെന്റീമീറ്റര്‍വരെ മഴപെയ്യും. ഞായാറാഴ്ചയും മഴതുടരും.
കേരള തീരത്തിന് 10 കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന് തിരമാലയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശ്ശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍മുതല്‍ 6.1 മീറ്റര്‍വരെ തിര ഉയരും. കേരളതീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോടുവരെ ശനിയാഴ്ച രാത്രി 11.30 വരെ രണ്ടുമുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ തിരമാല ഉണ്ടാകും. ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട് പ്രദേശങ്ങളിലും സമാനപ്രതിഭാസം ഉണ്ടാകും.