ബിജെപി എംഎല്‍എയുടെ പോത്തുകള്‍ മോഷണം പോയി;നെട്ടോട്ടമോടി ഉത്തര്‍പ്രദേശ് പൊലീസ്

ലഖ്‌നൗ: ബിജെപി എം.എല്‍.എയുടെ കാണാതായ പോത്തുകള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി ഉത്തര്‍പ്രദേശ് പൊലീസ്. ഹര്‍ഗോണ്‍ എം.എല്‍.എ സുരേഷ് റാഹിയുടെ രണ്ട് പോത്തുകളെയാണ് ശനിയാഴ്ച പുലര്‍ച്ചെ കാണാതായത്.

എം.എല്‍.എയുടെ പരാതിയില്‍ ഞായറാഴ്ച കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സീതാപൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ യോഗേന്ദ്ര സിംഗ് പറഞ്ഞു.കാണാതായ പോത്തുകള്‍ ഒരു ലക്ഷം രൂപ വീതം വിലമതിക്കുന്നതാണ് . മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാം ലാല്‍ റാഹിയുടെ മകനാണ് സുരേഷ് റാഹി. ലഖ്‌നൗവില്‍ നിന്ന് 90 കിലോമീറ്റര്‍ മാറി സീതാപൂര്‍ ജില്ലാ ജയിലിന് സമീപമാണ് ഇവരുടെ ഫാം ഹൗസ് സ്ഥിതിചെയ്യുന്നത്.

രണ്ടംഗ അന്വേഷണസംഘം കാണാതായ പോത്തുകള്‍ക്കായി സീതാപൂരിലും സമീപപ്രദേശങ്ങളിലുമായി പരിശോധന നടത്തിവരികയാണ്. ഗ്രാമത്തില്‍ കന്നുകാലികള്‍ മോഷണം പോകുന്നത് പതിവായിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.2014 ല്‍ മുന്‍ മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അസംഖാന്‍ തന്റെ പോത്തുകളെ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയ സംഭവവും അതേക്കുറിച്ചുള്ള അന്വേഷണവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.