ധോണി വിരമിക്കുന്നു; ഞെട്ടുന്നതിനു മുന്‍പ് ഒന്ന് പറയട്ടെ;ആ ധോണിയല്ല ഈ ‘ധോണി’

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം മൂന്നു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇരുടീമും മാറ്റുരയ്ക്കുന്നുണ്ട്. ഇതിനിടെയാണ് ഒരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇന്ത്യയും ലങ്കയും തമ്മില്‍ പഞ്ചാബിലെ മൊഹാലിയില്‍ ഡിസംബര്‍ 13-നു നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം ധോണി വിരമിക്കുകയാണെന്നതാണ് ഈ വാര്‍ത്ത.

വാര്‍ത്ത കേട്ട ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോഴും ഞെട്ടലിലാണ്. അടുത്ത ഏകദിന ലോകകപ്പ് വരെ ധോണി ക്രിക്കറ്റില്‍ തുടരുമെന്ന് കണക്കുകൂട്ടലിലായിരുന്നു ആരാധകര്‍.എന്നാല്‍ വിരമിക്കല്‍ തീരുമാനം ഏവരെയും സ്തബ്ധരാക്കുന്നതായിരുന്നു.പക്ഷെ ക്രിക്കറ്റ് പ്രേമികള്‍ ആശങ്കപ്പെട്ടതു പോലെയല്ല കാര്യങ്ങള്‍. ധോണി വിരമിക്കുന്നുവെന്നത് സത്യമാണ്, എന്നാല്‍ അത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എം.എസ് ധോണിയല്ലെന്നതാണ് യാഥാര്‍ഥ്യം.

മൊഹാലി പോലീസില്‍ കഴിഞ്ഞ 10 വര്‍ഷമായി സേവനമനുഷ്ടിക്കുന്ന സ്‌നിഫര്‍ ഡോഗായ ധോണിയാണ് വിരമിക്കുന്നത്. ഇന്ത്യയും ലങ്കയും തമ്മിലുള്ള രണ്ടാമത്തെ ഏകദിനത്തില്‍ കൂടി ധോണിയുടെ സേവനം പോലീസ് ഉപയോഗിക്കും. തുടര്‍ന്ന് ഇവനെ ഒഴിവാക്കാനാണ് മൊഹാലി പോലീസ് തിരുമാനിച്ചിരിക്കുന്നത്. മൂന്നു വയസ്സ് മുതല്‍ മൊഹാലി പോലീസിനായി ജോലി ചെയ്തു വരികയായിരുന്നു ധോണി. നിരവധി സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ധോണി പോലീസിനു മുതല്‍ക്കൂട്ടായിട്ടുണ്ട്.