അമേരിക്കയില്‍ വീണ്ടും 3 വയസുകാരിയുടെ മൃതദേഹം; അമ്മയുടെ കാമുകന് പോലീസ് കസ്റ്റഡിയില്‍
ലോകത്തെ നടുക്കിയ ഷെറിന്മാത്യുസിന്റെ കൊലപാതകത്തിന് പുറകെ വീണ്ടും അമേരിക്കയില്‍ കാണാതായ മൂന്ന് വയസുകാരിയുടേ മൃതദേഹം കണ്ടെത്തി. ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് നോര്‍ത്ത് കരോലിന സ്വദേശിയായ മൂന്ന് വയസുകാരി മരിയ വൂഡ്സിനെ കാണാതാകുന്നത്. ഞായറാഴ്ച്ച രാത്രി കിടപ്പുമുറിയില്‍ ഉറക്കി കിടത്തിയ കുട്ടിയെ തിങ്കളാഴ്ച രാവിലെ കാണാതാവുകയായിരുന്നു. കാണാതായ കുട്ടിക്കായി വിവിധ ഏജന്‍സികള്‍ വഴിയാണ് അന്വേഷണം നടത്തിയിരുന്നത്.
കഴിഞ്ഞ ശനിയാഴ്ച പ്രദേശത്തെ ഒരു അരുവിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കാണാതായ കുട്ടിയുടേതാണെന്ന നിഗമനത്തിലാണ് പോലീസ്. കുട്ടിയുടെ തിരോധനത്തില്‍ സംശയിച്ച് കുട്ടിയുടെ അമ്മയുടെ കാമുകനെ പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടിയുടെ തിരോധനത്തില്‍ ഇയ്യാളുടെ പങ്ക് വ്യക്തമായിട്ടില്ലെങ്കിലും ഇയ്യാള്ക്കുമേല് മോഷണകുറ്റം ഉള്‍പ്പെടെ വിവിധവകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് വിവരം. മൃതദേഹം മാറിയയുടേത് തന്നെയാണോ എന്ന് സ്ഥിതീകരിക്കാനുള്ള പരിശോധനയിലാണ് പോലീസ്.