ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മഞ്ഞപ്പട; ഇവര്‍ വെറും ആരാധക കൂട്ടം മാത്രമല്ല; മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കി മാതൃക കാട്ടുന്ന ഫാന്‍സ് ഡാ..

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി അവരുടെ ആരാധകര്‍ തന്നെയാണ്. ആരാധകര്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ കഴിയുന്ന ഒരു പ്രകടനം നാലാം സീസണില്‍ മെല്ല തുടങ്ങിയ ബ്ലാസ്റ്റേഴ്സില്‍ നിന്നും ഇതുവരെയുണ്ടായില്ല. എങ്കിലും മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത ആരാധക കൂട്ടായ്മയായ മഞ്ഞപ്പട മറ്റുള്ളവര്‍ക്കും മാതൃകയാക്കാവുന്ന മറ്റൊരു കാര്യത്തിലൂടെ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മുംബൈ സിറ്റിയുമായുള്ള മത്സരശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പട, സ്റ്റേഡിയം മുഴുവന്‍ വൃത്തിയാക്കിയശേഷമാണ് മൈതാനം വിട്ടുപോയത്. ഐഎസ്എല്ലിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജും മഞ്ഞപ്പടയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു.മഞ്ഞപ്പട ഫാന്‍സ് ക്ലബിന്റെ ഔദ്യോഗിക പേജിലൂടെയാണ് ആരാധകര്‍ സ്റ്റേഡിയം വൃത്തിയാക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. പ്ലാസ്റ്റിക് കവറുകളും കുപ്പികളും നിറഞ്ഞ ഗ്യാലറികള്‍ ഒരു കൂട്ടം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ വൃത്തിയാക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.