ഗോളടിച്ചിട്ടും ജയിക്കാതെ ബ്ലാസ്റ്റേഴ്സ്; സമനില മാത്രമായാല്‍ കപ്പ് ഇപ്രാവശ്യവും കിട്ടാക്കനി തന്നെ
കൊച്ചി: മികച്ച താരങ്ങളുണ്ടായിട്ടും ഗോളടിക്കുന്നില്ലല്ലോ എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് ആരാധകരുടെ ആദ്യ പരാതി.എങ്കിലും രണ്ടു മത്സരത്തിലും തൊട്ടില്ല എന്ന ആശ്വാസമുണ്ടായിരുന്നു.ഗോളടിക്കുന്നില്ല എന്ന ആരാധകരുടെ പരാതി മൂന്നാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് പരിഹരിച്ചു. പക്ഷെ അടിച്ച ഗോള്‍ തിരിച്ചു വാങ്ങി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനില വഴങ്ങിയിരിക്കുകയാണ് കേരളം ബ്ലാസ്റ്റേഴ്സ്.
മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് സമനിലക്കുരുക്കില്‍ പെട്ടത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ജൊഹാനാസ് സിഫ്‌നിയോസ് ആണ് സീസണിലെ കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്.ഇനിയൊരു ഗോള്‍രഹിത മത്സരത്തിന് ഇല്ലെന്ന് വ്യക്തമാക്കി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ആദ്യ വിസില്‍ മുതല്‍ തന്നെ ഉണര്‍ന്നു കളിച്ചു.
മുംബൈ ഗോള്‍ മുഖം ലക്ഷ്യമാക്കി തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍. 14-ാം മിനുട്ടില്‍ ആക്രമണത്തിന് ഫലം കണ്ടു. ജോഹാനസ് സിഫ്‌നിയോസിന്റെ ബൂട്ടില്‍ നിന്നും ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ ഗോള്‍ പിറന്നു.27-ാം മിനുട്ടില്‍ ലീഡ് ഉയര്‍ന്നെന്നു തോന്നിച്ച സികെ വിനീതിന്റെ ഉശിരന്‍ ഷോട്ട് മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗ് സമര്‍ത്ഥമായി തട്ടിയകറ്റി. 42-ാം മിനുട്ടില്‍ ബെര്‍ബെറ്റോവിന്റെ പാസ് സ്വീകരിച്ചുള്ള തുറന്ന ചാന്‍സ് നഷ്ടപ്പെടുത്തിയതില്‍ ജാക്കിചന്ദ് സിംഗിനോട് ആരാധകര്‍ക്ക് കടുത്ത അമര്‍ഷം കാണും.
ആദ്യപകുതി അനായാസം തങ്ങളുടേതാക്കിയ മഞ്ഞപ്പട, രണ്ടാം പകുതിയിലും മികവ് തുടര്‍ന്നു. 56-ാം മിനുട്ടില്‍ സി.കെ വിനീതിന്റെ വക വീണ്ടുമൊരു ഉശിരന്‍ ഷോട്ട്. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ ഡോസ് ആന്റോസ് പിന്റെയുടെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ ആരാധകരുടെ ഉള്ള് പിടച്ചു.
77-ാം മിനുട്ടില്‍ കൊച്ചിയെ നിശബ്ദമാക്കി ബെല്‍ബെന്‍ സിംഗ്, പോള്‍ റെച്ചുബ്ക്കയുടെ വലയില്‍ പന്തടിച്ചുകയറ്റി. പിന്നീടുള്ള ഇരുടീമുകളുടെയും മുന്നേറ്റങ്ങളെല്ലാം മൂര്‍ച്ചയില്ലാതെ അവസാനിച്ചു. എന്നാല്‍ 89-ാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് സികെ വിനീത് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. വിനീതില്ലാതെ തന്ത്രങ്ങളില്‍ മാറ്റം വരുത്തിയാകും ഡിസംബര്‍ ഒമ്പതിന് ഗോവയ്‌ക്കെതിരെ കേരളം ഇറങ്ങുക.
ഗോളടിച്ചെങ്കിലും ജയിക്കാനാകാത്തതില്‍ ബ്ലാസ്റ്റേഴ്‌സിനെന്നപോലെ ആരാധകര്‍ക്കും കടുത്ത നിരാശയുണ്ട്.അടുത്ത മത്സരത്തില്‍ കരുത്തരായ ഗോവയ്ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ഇതിനെക്കാളും മികച്ച കളി പുറത്തെടുത്തേ മതിയാകു.പക്ഷെ മുന്നേറ്റ താരം സി.കെ.വിനീതിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാകും.