മൂത്രപ്പുരയെച്ചൊല്ലി,കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കര്‍ണാടക ജീവനക്കാരുടെ തല്ല്;മുടങ്ങിയത് 10 ദീര്‍ഘദൂര സര്‍വീസുകള്‍

കോഴിക്കോട്:മൂത്രപ്പുരയെ ചൊല്ലിയുള്ള തര്‍ക്കം മൂലം കെ.എസ്.ആര്‍.ടി.സി മുടക്കിയത് 16 സര്‍വീസുകള്‍. കോടികളുടെ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഏറ്റവും ലാഭമുള്ള സര്‍വീസുകളാണ് കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള ഇന്റര്‍ സ്റ്റേറ്റ് സര്‍വീസുകള്‍. എന്നാല്‍ ഇന്നലെ ഒരൊറ്റ സമരത്തിലൂടെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മുടക്കിയത് ഇത്തരം 16സര്‍വീസുകളാണ്.ബംഗ്‌ളൂരിലേക്കും മൈസൂരിലേക്കും ബുക്ക് ചെയ്ത നിരവധിയാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി.

മൈസൂരു സ്റ്റാന്‍ഡിലുണ്ടായ സംഭവങ്ങളാണ് സര്‍വീസ് മുടക്കിയതടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത്.മൈസൂരു സ്റ്റാന്‍ഡില്‍ കഴിഞ്ഞ കുറേക്കാലമായി കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ജീവനക്കാരും കര്‍ണാടക ആര്‍.ടി.സി ജീവനക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കയാണ്.ഇതര സംസ്ഥാനത്തുനിന്ന് എത്തുന്ന ജീവനക്കാര്‍ സ്റ്റാന്‍ഡിലെ ബാത്ത്‌റൂം ഉപയോഗിക്കരുതെന്ന നിലപാടിലാണ് കര്‍ണാടക ജീവനക്കാര്‍.ഇതേതുടര്‍ന്ന് തര്‍ക്കം മൂത്തതോടെ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ, കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.കോഴിക്കോട് നിന്ന് സര്‍വീസ് നടത്തിയ ബസ് ഡ്രൈവര്‍ കുന്ദമംഗലം സ്വദേശി വിജയനാണ് മര്‍ദനത്തില്‍ സാരമായ പരിക്കുകളോടെ ചികില്‍സയിലുള്ളത്.

ഇതോടെ പ്രശ്‌നത്തില്‍ ഇടപെട്ട മലയാളികളായ മറ്റ് രണ്ട് ജീവനക്കാരെയും ഇവര്‍ മര്‍ദിച്ചു. ഇവരും ആശുപത്രിയിലാണ്.എന്നാല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പരാതിയനുസരിച്ച് ആദ്യം പൊലീസ് കേസെടുക്കാന്‍ പോലും കൂട്ടാക്കിയില്ല. പിന്നീട് ശക്തമായ സമ്മര്‍ദം ഉണ്ടായതോടെയാണ് കര്‍ണാടക ആര്‍.ടി.സി ജീവനക്കാരായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഈ വിവരമറിഞ്ഞതോടെ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ ജീവനക്കാര്‍ സമരം തുടങ്ങി.കോഴിക്കോട് ഡിപ്പോയിലെ കര്‍ണാടകയുടെ റിസര്‍വേഷന്‍ കൗണ്ടര്‍ ഇവര്‍ ഉപരോധിച്ചു.16 ദീര്‍ഘദൂരസര്‍വീസുകളാണ് ഇതേതുടര്‍ന്ന് മുടങ്ങിയത്.റിസര്‍വ് ചെയ്തയാത്രക്കാര്‍ എന്തുചെയ്യണമെന്ന് അറിയാതെ സ്റ്റാന്‍ഡില്‍ കുടുങ്ങി.

തുടര്‍ന്ന് ഇരൂവിഭാഗം ജീവനക്കാരുടെയും സംഘടനാനേതാക്കളും അധികൃതരും നടത്തിയ ചര്‍ച്ചയില്‍ വൈകീട്ട് അഞ്ചുമണിയോടെ സമരവും ഉപരോധവും അവസാനിച്ചു. അപ്പോഴേക്കും ഇരു ആര്‍.ടി.സികള്‍ക്കും വന്‍ വരുമാന നഷ്ടമാണുണ്ടായത്. യാത്രക്കാര്‍ക്ക് ഒരു ദിവസത്തെ കാത്തരിപ്പും. കര്‍ണാടകയിലേക്ക്‌പോകുന്ന ബസുകളിലെ ജീവനക്കാര്‍ ആക്രമിക്കപ്പെടുന്നത് പതിവായിട്ടുണ്ടെന്നും സുരക്ഷ കര്‍ശനമായും ഉറപ്പുവരുത്തണമെന്നുമാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്.കര്‍ണാടക ജീവനക്കാരുടെ മോശം പെരുമാറ്റത്തിന് ഇവിടെ ഉപരോധം നടത്തിയ യാത്രക്കാരെ വലച്ച കെ.എസ്.ആര്‍.ടി.സി ജീവക്കാരുടെ നടപടിയും ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്.