രാഹുലിന്റെ അധ്യക്ഷ സ്ഥാനത്തെ പരിഹസിച്ച് മോദി; ഷാജഹാനു ശേഷം ഔറംഗസേബ് എന്നത് പ്രതീക്ഷിച്ചിരുന്നു

തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധനം ചെയ്ത് ഗുജറാത്തില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധിയുടെ എ ഐ സി സി അധ്യക്ഷസ്ഥാനത്തേക്കുള്ള കടന്നുവരവിനെ രൂക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മുഗള്‍ഭരണത്തില്‍ ഷാജഹാനു ശേഷം ഔറംഗസേബ് തന്നെ എന്നത് സംശയമില്ലാത്ത കാര്യമായിരുന്നു. അതുപോലെ കോണ്‍ഗ്രസ്സിലും കുടുംബവാഴ്ച്ചയാണെന്ന് അവര്‍ തന്നെ സമ്മതിച്ചിരിക്കുകയല്ലേ എന്നും, ഔറംഗസേബ് രാജ് സമ്പ്രദായത്തിലുള്ള തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സിനെ അഭിനന്ദിക്കുന്നുവെന്നും’ മോദി പറഞ്ഞു.

ഞങ്ങള്‍ക്ക്(ബിജെപിക്ക്) ജനങ്ങളുടെ നന്മയാണ് മുഖ്യവിഷയം, 125 കോടി ഇന്ത്യക്കാരാണ് ഞങ്ങളുടെ ഹൈക്കമാന്‍ഡ് എന്നും തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധനം ചെയ്ത് മോദി ഗുജറാത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് മോദിയുടെ പരിഹാസം.

17 വര്‍ഷം മുമ്പ് സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതും എതിരില്ലാതെയായിരുന്നു. രാഹുല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബവാഴ്ച്ചയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ്സിനെതിരായ വിമര്‍ശനം ബിജെപി ശക്തമാക്കിയിരിക്കുന്ന സാഹചര്യം കൂടിയാണിത്.