നടക്കുന്നത് വ്യാജ പ്രചരണം; ഒടിയനില്‍ സംവിധായകനെ മാറ്റിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ ചിത്രമാണ് ഒടിയന്‍. പരസ്യ ചിത്ര സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി ചെയ്യുന്ന മുഴുനീള സിനിമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഒടിയനായി ലാല്‍ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും, വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റായപ്പോഴാണ് ചിത്രത്തിന്റെ സംവിധായകനെ മാറ്റി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
എന്നാല്‍ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രം പൂര്‍ണമായും വിഎ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. എന്നാല്‍ സംവിധാന സഹായിയായി പത്മകുമാര്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രഞ്ജിത്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ലോഹം എന്ന സിനിമയിലും പത്മകുമാര്‍ സംവിധാന സഹായം ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള സഹായങ്ങളാണ് പത്മകുമാറില്‍ നിന്ന് ഒടിയനും ലഭിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മികച്ച പിന്തുണയാണ് ടീം ഒടിയന് നല്‍കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചിട്ടയായ വ്യായാമത്തിനും രണ്ടു മാസം നീണ്ടു നിന്ന ഭക്ഷണ ചിട്ടകള്‍ക്കും ശേഷം മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് ഒടിയനില്‍ വേഷമിടുന്നത്. ഒരു വിദേശ സംഘം തന്നെ മോഹന്‍ലാലിന്റെ വേഷപകര്‍ച്ചക്കായി ചിത്രീകരണത്തില്‍ ഉടനീളം കൂടെയുണ്ട്. എന്നാല്‍ എന്തൊക്കെയാണ് ശാരീരികമായി ലാലിന്റെ മാറ്റം എന്ന് വ്യക്തമാകാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായില്ല.