‘ഓഖി’ കലിയടങ്ങുന്നില്ല; കൂടുതല്‍ ശക്തി പ്രാപിച്ച് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നു; കനത്ത ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: കേരള-തമിഴ്നാട്-ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് തീവ്രത കുറയാതെ മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നു. ഓഖിയുടെ സാന്നിധ്യമുള്ളതിനാല്‍ കേരള തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.കനത്ത നാശം വിതച്ച ശേഷം ലക്ഷദ്വീപ് വിട്ട ഓഖി ചുഴലിക്കാറ്റ് മുംബൈ തീരത്തിന് 850 കിലോമീറ്റര്‍ അകലെ കൂടുതല്‍ ശക്തി പ്രാപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിനും ലക്ഷദ്വീപിനും പുറമെ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
മല്‍സ്യത്തൊഴിലാളികള്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ പോകുരുതെന്നും നിര്‍ദേശമുണ്ട്. കേരളതീരത്ത് ഇന്നും കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കടലില്‍ വലിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം, ചുഴലിക്കാറ്റില്‍ സംസ്ഥാനത്തു മാത്രം മരിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 14 മൃതദേഹങ്ങളാണു കണ്ടെത്തിയത്. അതിനിടെ,കടലില്‍ കുടുങ്ങിയ 11 തിരുവനന്തപുരം സ്വദേശികളെ നാവികസേന രക്ഷിച്ചു. കല്‍പേനിയില്‍നിന്നുള്ള കപ്പല്‍ ഇവരുമായി 11.45ന് കൊച്ചിയില്‍ എത്തും. ഇനിയും 85 പേരെ രക്ഷപെടുത്താനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരാ പ്രദേശങ്ങളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീത രാമന്‍ സന്തര്‍ശനം നടത്തി. ഇതിനായി കന്യാകുമാരിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഇവര്‍ തിരുവനന്തപുരത്തെത്തി.