തെരുവുനായകളുടെ കടിയേറ്റവര്‍ക്ക് 5 ലക്ഷംവരെ നഷ്ടപരിഹാരം
കേരളത്തില്‍ തെരുവുനായയുടെ കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിച്ചു. സുപ്രീംകോടതി ഉത്തരവു പ്രകാരം ഇതിനായി നിയമിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ തീരുമാനവും സുപ്രീംകോടതി വിധിയും അനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരുവുനായകളുടെ കടിയേറ്റ 104 പേര്‍ക്കായി 60.11 ലക്ഷം രൂപ നഷ്ടപരിഹാരം തദ്ദേശസ്ഥാപനങ്ങള്‍ നല്‍കണമെന്ന് ഉത്തവിട്ടു.
തെരുവുനായകളുടെ കടിയേറ്റവര്‍ക്ക് വ്യക്തിഗതമായി പരമാവധി അഞ്ചു ലക്ഷം രൂപയും, കുറഞ്ഞത് 8500 രൂപയുമാണ് വിധിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ത്തന്നെ തെരുവുനായയുടെ കടിയേറ്റതിന് ഇത്ര വലിയ തുക തദ്ദേശസ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിവന്നിട്ടില്ല. തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍നിന്നോ പ്ലാന്‍ ഫണ്ടില്‍നിന്നോ നഷ്ടപരിഹാരത്തുക നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളത്.
പരാതികള്‍ സംബന്ധിച്ച സിറ്റിങ് നടന്നപ്പോള്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ കൂടാതെ ഹാജരായ തദ്ദേശസ്ഥാപനങ്ങളാണ് കൂടുതല്‍ വെട്ടിലായിരിക്കുന്നത്. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി പരിഗണിച്ച പരാതികളില്‍ രണ്ടെണ്ണം സ്വന്തം വളര്‍ത്തുനായതന്നെ കടിച്ചതാണെന്ന കാരണത്താല്‍ തള്ളിക്കളഞ്ഞു. കടിച്ചതിന് തെളിവില്ലാത്തതിനാല്‍ രണ്ട് പരാതികളും സിറ്റിങ്ങിന് പരാതിക്കാര്‍ ഹാജരാവാത്തതിന് ഏഴെണ്ണവും പരിഗണിച്ചില്ല. കോയമ്പത്തൂരില്‍വെച്ച് കടിയേറ്റയാളുടെ പരാതിയും പരിഗണിച്ചില്ല.
ലക്ഷത്തിനുമുകളില്‍ നഷ്ടപരിഹാരം ലഭിക്കുന്നവരും തുകനല്‍കേണ്ട തദ്ദേശസ്ഥാപനങ്ങളും ഇപ്പറഞ്ഞിരിക്കുംവിധമാണ്. പി. ചെന്താമരാക്ഷന്‍ – 1.01 ലക്ഷം (കൂടാളി പഞ്ചായത്ത്), ബേബി ഫാത്തിമ നിദ – 1.07 ലക്ഷം (കൊടുവള്ളി നഗരസഭ), കെ.സി. പ്രീത – 1.18 ലക്ഷം (കൊടുവള്ളി നഗരസഭ), വി. തങ്കപ്പന്‍ – 1.32 ലക്ഷം (പുനലൂര്‍ നഗരസഭ), കെ. ഇസ്മയില്‍ – 1.69 ലക്ഷം (കണ്ണൂര്‍ കോര്‍പ്പറേഷന്‍), കെ.വി. ബാലകൃഷ്ണന്‍ – 1.83 ലക്ഷം (അഴിയൂര്‍ പഞ്ചായത്ത്), കല്യാണി – 1.90 ലക്ഷം (പേരാമ്പ്ര പഞ്ചായത്ത്), അമല്‍ റാഫേല്‍ – 2.96 ലക്ഷം (തുറവൂര്‍ പഞ്ചായത്ത്), ജോസ് സെബാസ്റ്റ്യന്‍ – 2.60 ലക്ഷം (അകല കുന്നം പഞ്ചായത്ത്), കെ.പി. രാമചന്ദ്രന്‍ – 2.60 ലക്ഷം (കുന്നോത്ത് പറമ്പ് പഞ്ചായത്ത്), രവീന്ദ്രന്‍ നായര്‍ – 3.10 ലക്ഷം (പിണ്ടിമല പഞ്ചായത്ത്), ദാരുഷ് – അഞ്ചുലക്ഷം (വെള്ളറട – ഒറ്റശേഖരമംഗലം പഞ്ചായത്തുകള്‍ തുല്യമായി), നസറുദ്ദീന്‍ – അഞ്ച് ലക്ഷം (കൊല്ലം കോര്‍പ്പറേഷന്‍), കനകദാസ് – അഞ്ച് ലക്ഷം (കോഴിക്കോട് കോര്‍പ്പറേഷന്‍).