സ്കൂട്ടര്‍ യാത്രക്കാരനില്‍ നിന്ന് റോഡില്‍ വീണ ‘ലക്ഷങ്ങള്‍’ ഉടമസ്ഥനെക്കാത്ത് പോലീസ് സ്റ്റേഷനില്‍; ഉടമയെങ്കില്‍ മംഗലാപുരം സ്റ്റേഷനിലേക്ക് വിട്ടോളു

പോത്തന്‍കോട്: സ്‌കൂട്ടര്‍ യാത്രക്കാരനില്‍ നിന്നും റോഡില്‍ വീണ ‘ലക്ഷങ്ങള്‍’ പോലീസ് സ്റ്റേഷനില്‍ ഉടമസ്ഥനെക്കാത്തിരിക്കുന്നു.വെട്ടുറോഡിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 2.30തോടെയായിരുന്നു സംഭവം.തൊട്ടുമുന്നില്‍ പോയ സ്‌കൂട്ടര്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് നിന്നു നോട്ടുകെട്ട് റോഡില്‍ വീഴുന്നതു കണ്ടാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഷാജി ബസ് സൈഡാക്കിയത്.

കണ്ടക്ടര്‍ അജയകുമാറിനെയും കൂട്ടി പുറത്തിറങ്ങുമ്പോഴേക്കും സ്‌കൂട്ടര്‍ യാത്രക്കാരന്‍ പോയിക്കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തു നിന്നു കരുനാഗപ്പള്ളിയിലേക്കു പോകുകയായിരുന്നു ബസ്.എന്തായാലും നോട്ടുകെട്ടുമായി കണിയാപുരം ഡിപ്പോയില്‍ ചെന്നെങ്കിലും ബസിനുള്ളില്‍ നിന്നു കിട്ടിയതല്ലാത്തതുകൊണ്ട് മംഗലപുരം സ്റ്റേഷനില്‍ ഏല്‍പ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ മംഗലപുരം സ്റ്റേഷനിലെത്തി നോട്ടുകെട്ട് പോലീസിനു കൈമാറി.

കുറച്ച് സമയത്തിന് ശേഷം പണത്തിനു അവകാശവാദവുമായി ഒരാളെത്തിയിരുന്നെങ്കിലും കൃത്യമായ തെളിവു കാണിക്കാത്തതിനാല്‍ നല്‍കാനായില്ലെന്നും അടുത്തദിവസം രേഖകളുമായി വരാനാവശ്യപ്പെട്ടിരിക്കുകയാണെന്നും മംഗലാപുരം സ്റ്റേഷനധികൃതര്‍ പറയുന്നു.