വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് സുരേഷ് ഗോപി എംപിക്കെതിരായ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം : വാഹന രജിസ്ട്രേഷന്‍ തട്ടിപ്പില്‍ സുരേഷ് ഗോപി എംപിക്കെതിരായ എഫ്‌ഐആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. വാഹന രജിസ്ട്രേഷനായി വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ച കേസിലാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പുതുച്ചേരിയിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത സുരേഷ് ഗോപിയോട് രേഖകൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകിയിരുന്നു. ഇതിനായി കൃത്രിമമായി നിര്‍മ്മിച്ച രേഖകളാണ് താരം നല്‍കിയത്. അന്വേഷണത്തില്‍ 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ പേരില്‍ നല്‍കിയത് 2014ലെ വാടകച്ചീട്ട് ആണെന്ന് തെളിഞ്ഞു. അതുപോലെ വാടകചീട്ടിന്റെ യഥാര്‍ഥ മുദ്രപത്രം ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയിരുന്നുമില്ല.

വ്യാജരേഖ ചമച്ചാണ് വാഹനം രജിസ്റ്റർ ചെയ്തെന്നും അന്വേഷണത്തിൽ കണ്ടെത്തി. വ്യാജരേഖ ചമച്ചതിന് പുറമ സംസഥാന സര്‍ക്കാരിനു നല്‍കേണ്ട ഭീമമായ നികുതി വെട്ടിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായി. എംപിയുടെ വാഹനം അമിത വേഗതയില്‍ സഞ്ചരിച്ച് ഗതാഗത നിയമം ലംഘിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സുരേഷ് ഗോപിയുടെ ആഡംബര വാഹനങ്ങള്‍ കേരളത്തിലെ നിരത്തില്‍ അമിത വേഗതയില്‍ സഞ്ചരിച്ചത് 12 തവണയാണെന്നും എഫ് ഐ ആറിൽ പറയുന്നു.