തമിഴ് നടിയും കോണ്ഗ്രസ് നേതാവുമായ ഖുശ്ബുവിന് എതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

സിനിമകള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള സംഘപരിവാര്‍ ആക്രമണം നിലയ്ക്കുന്നില്ല. വിജയ്‌, കമല്‍ ഹാസന്‍ എനിവരെയും അതുപോലെ മെര്‍സല്‍ , പത്മാവതി എന്നീ ചിത്രങ്ങള്‍ക്കും എതിരെ പടവാള്‍ എടുത്ത സംഘപരിവാര്‍ ഇപ്പോളിതാ തമിഴ് നടിയും കോണ്ഗ്രസ് നേതാവുമായ ഖുശ്ബുവിന് എതിരെയാണ് ആക്രമണവുമായി രംഗത്ത് വന്നിരിക്കുന്നത്. കമലിനെ കമാലുദ്ദീനും വിജയ് യെ ജോസഫ് വിജയുമാക്കിയ സംഘപരിവാർ ഖുസ്ബുവിന്റെയും യഥാർത്ഥ പേര് കണ്ടുപിടിച്ചിരിക്കുകയാണ് ഇപ്പോള്‍ . മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്ത് പല പ്രമുഖരുടേയും ജാതിയും മതവും പേരും അന്വേഷിക്കലാണ് സംഘപരിവാറുകാരുടെ പ്രധാനപണി. ഖുശ്ബു മുസ്ലീം ആണെന്നും ഖുശ്ബുവിന്റെ യഥാര്‍ത്ഥപേര് നഖാത് ഖാന്‍ ആണെന്നുമുള്ള കണ്ടുപിടിത്തമാണ് സംഘി ട്രോളര്‍മാര്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഇതൊക്കെ കേട്ട് വെറുതെ ഇരിക്കാതെ നല്ല മറുപടി തന്നെ നല്‍കിയിരിക്കുകയാണ് ഖുശ്ബു. ‘എന്റെ പേര് നഖാത് ഖാന്‍ ആണെന്ന വലിയ കണ്ടുപിടിത്തം നടത്തിയ മണ്ടന്‍മാരെ, എന്റെ രക്ഷിതാക്കള്‍ എനിക്ക് നല്‍കിയ പേരാണത്. അതെ ഞാന്‍ ഒരു ഖാന്‍ ആണ്, പക്ഷെ നിങ്ങള്‍ അത് കണ്ടെത്താന്‍ 47 വര്‍ഷം വൈകി’ എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ ഒരു മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. നഖാത് ഖാന്‍ എന്നായിരുന്നു പേരെങ്കിലും സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റി ഖുശ്ബു എന്നാക്കുകയായിരുന്നു. ഖുശ്ബുവിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

സിനിമയില്‍ നിന്നും പിന്മാറി രാഷ്ട്രീയത്തിലും സിനിമാ നിര്‍മ്മാണ രംഗത്തും സജീവമാണ് ഖുശ്ബു ഇപ്പോള്‍.കോണ്ഗ്രസ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തക കൂടിയായ ഖുശ്ബു അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രചരണത്തിന് കേരളത്തിലും വന്നിരുന്നു. നരേന്ദ്രമോദി ചായ വിറ്റ സംഭവത്തില്‍ സല്‍മാന്‍ നിസാമി എന്നയാള്‍ ചെയ്ത ഒരു ഖുശ്ബു ട്വിറ്റനു മറുപടി നല്‍കിയതാണ് സംഘികളെ ചൊടിപ്പിച്ചത്. 1950 ല്‍ ജനിച്ച് 1971 ല്‍ നാടുവിട്ട മോദി എങ്ങനെ 1973ല്‍ നിലവില്‍ വന്ന വട്നാഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ചായ വില്‍ക്കും എന്നാണു അയാള്‍ ട്വിറ്റ് ചെയ്തത്. മോദി സ്വപ്നത്തിലാണ് അതൊക്കെ ചെയ്തത് എന്നാണു ഖുശ്ബു മറുപടി നല്‍കിയത്. ഇതാണ് നടിയ്ക്ക് എതിരെ തിരിയാന്‍ സംഘികളെ പ്രേരിപ്പിച്ചത്. ഒരുകാലത്ത് തമിഴ് സിനിമയിലെ രാജകുമാരിയായിരുന്നു ഖുശ്ബു. നടിയ്ക്ക് വേണ്ടി ആരാധകര്‍ അമ്പലം പണിഞ്ഞത് എല്ലാം അക്കാലത്ത് വന്‍ വാര്‍ത്തകള്‍ ആയി മാറിയിരുന്നു.