ഓഖി ചുഴലിക്കാറ്റ് ഗുജറാത്തില്‍ ; കനത്ത മഴയ്ക്ക് സാധ്യത ; സ്കൂളുകള്‍ക്ക് അവധി നല്‍കി

സൂററ്റ് : കേരളാ , തമിഴ്നാട് ; ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തി. മഹാരാഷ്ട്ര തീരം വിട്ട്‌ ഗുജറാത്തിലേക്ക്‌ നീങ്ങിയ കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍. അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് കാരണമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിലവില്‍ സൂററ്റില്‍ നിന്നും 390 കിലോമീറ്റര്‍ അകലെയാണ് ഓഖിയുള്ളത്‌. ഇത് ഇന്ന് രാത്രിയോടെ സൂററ്റില്‍ ആഞ്ഞിവീശുമെന്നാണ്‌ കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂംബെയിലെയും മഹാരാഷ്ട്രയിലെയും സ്‌കൂളുകള്‍ക്ക്‌ അവധി നല്‍കി. മത്സ്യതൊഴിലാളികളോട് കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശക്തമായും കാറ്റും മഴയുമുണ്ടാവുമെന്ന സൂചനയെ തുടര്‍ന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും മറ്റ് നേതാക്കളും നയിക്കുന്ന വിവിധ തിരഞ്ഞെടുപ്പ് റാലികളും സമ്മേളനങ്ങളും മാറ്റി വെച്ചിരിക്കുകയാണ്. ജനങ്ങളോട് രാത്രി പുറത്ത് പോവരുതെന്നും വലിയ വീടുകളില്‍ താമസിക്കുന്നവരോട് മറ്റുള്ളവര്‍ക്ക് കൂടി അഭയം നല്‍കാന്‍ തയ്യാറാവണമെന്നും ജില്ലാ മജിസ്‌ട്രേറ്റ് ജനങ്ങളോട് ആവശ്യപ്പെട്ടു. കേരള തമിഴ്‌നാട് ലക്ഷദ്വീപ് ഭാഗങ്ങളില്‍ ദിവസങ്ങളോളം ആഞ്ഞടിച്ച ഓഖിയില്‍ പെട്ട് 20 പേരാണ് മരിച്ചത്. നിരവധിപേര്‍ ഇപ്പോഴും കടലില്‍ കുടുങ്ങിയിരിക്കുകയാണ്.