ഓഖി ; കടലില്‍ കാണാതായവരുടെ എണ്ണത്തില്‍ സര്‍ക്കാരും രൂപതയും പറയുന്നത് രണ്ടു കണക്ക് ; ഉറ്റവരെ കാത്ത് പ്രതീക്ഷയോടെ തീരദേശം

പൂവാര്‍ : ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ആറു നാള്‍ മുന്‍പ് കടലില്‍ കാണാതായ ഉറ്റവരെ കാത്ത് പ്രതീക്ഷയോടെ തീരദേശം. ആറ് ദിവസം പിന്നിട്ടിട്ടും തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ സാധിക്കാതെ സര്‍ക്കാര്‍ സംവിധാനം തീര്‍ത്തും പരാജയപ്പെട്ടതിനു പിന്നാലെ കടലില്‍ കാണാതായവരുടെ എണ്ണത്തില്‍ സര്‍ക്കാരും പറയുന്ന കണക്കുകള്‍ തെറ്റാണ് എന്ന് വിവരങ്ങള്‍. ഓഖി ചുഴലിക്കാറ്റില്‍ പെട്ട 201 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്താനുണ്ടെന്നാണ് ലത്തീന്‍ അതിരൂപത പറയുന്ന കണക്ക്. അതില്‍ തന്നെ 108 പേര്‍ പരമ്പരാഗത വള്ളങ്ങളില്‍ പോയവരാണ് ഇതില്‍ തന്നെ കടുത്ത ആശങ്കയാണ് ഉറ്റവര്‍ക്ക്‌ ഉള്ളത്. എന്നാല്‍ ഇനി 91 പേര്‍ തിരിച്ചെത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്‌ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം കൂടാതെ കൊച്ചി, കൊല്ലം തുടങ്ങിയ മേഖലകളില്‍ നിന്ന് ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് പോയ നിരവധി തൊഴിലാളികളും കടലില്‍ പെട്ട് പോയിട്ടുണ്ട്. അതുകൂടി കണക്കാക്കുമ്പോള്‍ എണ്ണം ഇനിയും കൂടും എന്നാണു രൂപത വക്താക്കള്‍ പറയുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനുള്ള സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനിറങ്ങിയതെന്നും ലത്തീന്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. യൂജിന്‍ പെരേര കുറ്റപ്പെടുത്തുന്നു. അതേസമയം മത്സ്യബന്ധനത്തിനു പോയി ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ അകപ്പെട്ടു പോയ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. കൊച്ചിയില്‍ നടത്തിയ തിരച്ചിലില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഞാറയ്ക്കല്‍നിന്ന് പത്ത് നോട്ടിക്കല്‍ ദൂരത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇരുപത് നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിന്നാണ് മറ്റു രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതുപോലെ കടലില്‍ അകപ്പെട്ട 72 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തിയെന്നാണ്‌ തീര സംരക്ഷണ സേന നല്‍കുന്ന വിവരം. ഇതില്‍ 14 പേര്‍ മലയാളികളും 58 പേര്‍ തമിഴ്നാട് സ്വദേശികളുമാണ്. ആറ് ബോട്ടുകളിലായി ലക്ഷദ്വീപിലെ ബിത്ര ദ്വീപിലാണ് ഇവരിപ്പോഴുള്ളത്.