തമിഴ് ജനതയെ അനാഥമാക്കി പുരട്ചി തലൈവി മാഞ്ഞുപോയിട്ട് ഇന്ന് ഒരാണ്ട്
തമിഴ് ജനതയെയും രാഷ്ട്രീയത്തെയും അനാഥമാക്കി പുരട്ചി തലൈവി ജയലളിത മാഞ്ഞുപോയിട്ട് ഇന്ന് ഒരാണ്ട്. മരിക്കുന്നതിനു കുറച്ചു മാസങ്ങള്‍ക്കു മുന്‍പു നടത്തിയ പ്രസംഗത്തില്‍പോലും ജനത്തെ ചേര്‍ത്തുനിര്‍ത്തുന്നതിന്റെ വാക്ചാതുര്യം ജയലളിതയില്‍ പ്രകടമായിരുന്നു. 2016 ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയ്ക്കാണ് ജയയുടെ മരണം സ്ഥിരീകരിച്ചത്. ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞവരും ആത്മാഹുതി ചെയ്തവരും ഏറെ.
ഏകാധിപത്യ സ്വഭാവമുള്ള ഭരണാധികാരിയില്‍നിന്നു ജനകീയ മുഖ്യമന്ത്രിയായി ജയലളിത പരിണമിച്ചത് വമ്പന്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചായിരുന്നു. 18 ക്ഷേമപദ്ധതികളാണ് പ്രധാനമായും അവര്‍ നടപ്പാക്കിയത്. പെണ്‍ഭ്രൂണഹത്യകള്‍ വ്യാപകമായ 1990-91 കാലത്ത് ശിശുത്തൊട്ടിലുകള്‍ സ്ഥാപിച്ച് പെണ്‍കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. 2011ല്‍ ‘താലിക്ക് തങ്കം തിട്ടം’ എന്നപേരില്‍ യുവതികള്‍ക്ക് വിവാഹത്തിന് നാലു ഗ്രാം സ്വര്‍ണവും 50,000 രൂപയും നല്‍കി.
ഒരു രൂപയ്ക്ക് ഇഡലിയും അഞ്ചു രൂപയ്ക്ക് സാമ്പാറും ചോറും മൂന്നു രൂപയ്ക്ക് തൈര് സാദവും നല്‍കുന്ന ‘അമ്മ ഉണവകം’ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ‘അമ്മ കുടിനീര്‍’ എന്ന പേരില്‍ പത്തു രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം നല്‍കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് 20 ലിറ്റര്‍ കുടിവെള്ളം പ്രതിദിനം കിട്ടുന്നു. എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യധാന്യം, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്. തുടങ്ങി എണ്ണമറ്റ പദ്ധതികള്‍. ജീവിതത്തെ നിത്യവും സ്പര്‍ശിക്കുന്ന അമ്മയെ മക്കള്‍ മറക്കുന്നതെങ്ങനെ?
75 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമായിരുന്നു ജയലളിതയുടെ മരണം. ആശുപത്രിവാസവും മരണവും ഇപ്പോഴും ദുരൂഹമായി തുടരുന്നു. ജയലളിതയുടെ വിയോഗത്തോടെ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. അണ്ണാ ഡിഎംകെയിലെ ചേരിതിരിവുകളും പൊട്ടിത്തെറികളും ദ്രാവിഡ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴി തുറന്നത്. തോഴിയായിരുന്ന വി.കെ.ശശികല ആദ്യം പാര്‍ട്ടിയുടെ തലപ്പത്തേക്കും പിന്നീട് ജയിലിലേക്കും എത്തി. വിശ്വസ്തരായിരുന്ന ഒ.പനീര്‍സെല്‍വവും എടപ്പാടി പളനിസാമിയും തെറ്റിപ്പിരിഞ്ഞു, പിന്നീട് ഒന്നിച്ചു. അകറ്റിനിര്‍ത്തിയിരുന്ന ടി.ടി.വി.ദിനകരന്‍ പാര്‍ട്ടി പിടിക്കാന്‍ കച്ചമുറുക്കുന്നു. മക്കള്‍വാദവുമായും ചിലരെത്തി.
കൂടംകുളം ആണവ വിരുദ്ധ സമരമായിരുന്നു ജയലളിതയുടെ ഭരണകാലത്തു നടന്ന ശ്രദ്ധേയമായ സമരം. എന്നാല്‍ പുരട്ചി തലൈവിയില്ലാത്ത തമിഴ്‌നാട്ടിലിപ്പോള്‍ സമരങ്ങളില്ലാത്ത ദിനങ്ങള്‍ ഇല്ലെന്നായി. കേന്ദ്ര സര്‍ക്കാരും ബിജെപിയും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും നിയന്ത്രിക്കുന്നെന്ന വിമര്‍ശനമുയര്‍ന്നു. ഇരുപത് വര്‍ഷത്തിനു ശേഷം പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ വസതിയായ വേദനിലയത്തില്‍ റെയ്ഡ് നടന്നത് നോക്കിനില്‍ക്കേണ്ടി വന്നു.