മത്സരങ്ങള്‍ക്ക് ആസ്ട്രേലിയയില്‍ എത്തിയ ഇന്ത്യന്‍ വനിതാഹോക്കി ടീമിന് ലഭിച്ചത് അവഗണയും ദുരിതവും ; ഇന്ത്യന്‍ അധികാരികളും തിരിഞ്ഞു നോക്കിയില്ല എന്ന് പരാതി
പസഫിക് സ്കൂള്‍ ഗെയിംസിനായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യന്‍ വനിത ഹോക്കി താരങ്ങള്‍ക്ക് ആണ് ദുരിതങ്ങള്‍ നേരിടേണ്ടി വന്നത്. ആസ്ട്രേലിയയില്‍ കാര്‍ ഡ്രൈവര്‍ ആയ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു പോസ്റ്റിലാണ് വളര്‍ന്നു വരുന്ന താരങ്ങളെ രാജ്യം ഏതു തരത്തിലാണ് പരിഗണിക്കുന്നത് എന്ന് വ്യക്തമാകുന്നത്. മത്സരത്തിന്റെ ഷെഡ്യൂളിനെക്കുറിച്ചുപോലും ആർക്കും കൃത്യമായ ധാരണയില്ലാത്തതിനാല്‍ ഒരു മത്സരം നഷ്ടമായെന്നും യാത്രാസൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ സ്വന്തമായി കാറ് പിടിച്ചാണ് താരങ്ങള്‍ മത്സരത്തിനു എത്തിയത്. സര്‍ക്കാര്‍ ചിലവില്‍ അല്ല സ്വന്തം കാശ് മുടക്കിയാണ് പലരും ആസ്ട്രേലിയയില്‍ എത്തിയത്. എന്നിട്ടും അധികൃതര്‍ കുട്ടികളുടെ കാര്യത്തില്‍ പൂര്‍ണ്ണമായും അനാസ്ഥയാണ് കാട്ടിയത് എന്ന് ടീം കോച്ച് പ്രദീപ് പറയുന്നു. താമസിച്ച് എത്തിയത് കാരണം ഒരു മത്സരം തങ്ങള്‍ക്ക് നഷ്ടമായി എന്നും കുട്ടികള്‍ വീഡിയോയില്‍ കരഞ്ഞു പറയുന്നു.
അതേസമയം ഹോക്കി ഇന്ത്യയ്ക്കും ഇക്കാര്യത്തില്‍ യാതൊരു അറിവുമില്ലെന്നും മത്സരത്തിനായി ഒരു ടീമിനെയും ഓസ്ട്രേലിയയിലേക്ക് അയച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. രാജ്യത്തെ വിവിധ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇവര്‍. ഓസ്ട്രേലിയന്‍ സ്കൂള്‍ ടീമിനെതിരെയുള്ള മത്സരങ്ങള്‍ക്കാണ് ഇവരെത്തിയത്. സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലാണ് ഈ കളികള്‍ നടക്കുന്നത്. ഈ ഫെഡറേഷന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുണ്ടെങ്കിലും സ്വതന്ത്രമായി റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഫെഡറേഷനാണ് ഇത്. എന്നിരുന്നാലും വീഡിയോ പുറത്തു വന്ന സ്ഥിതിക്ക് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കേന്ദ്രകായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വിവരങ്ങള്‍ അന്വേഷിക്കാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) അന്വേഷണം നടത്തും എന്നും അധികൃതര്‍ പറയുന്നു.