‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’; പോലീസിന്റെ സദാചാര ഗുണ്ടായിസത്തിന് എതിരെ ഇന്ന് എറണാകുളത്ത്
മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമയെയും സാമൂഹിക പ്രവര്‍ത്തകയായ അമൃത ഉമേഷിനെയും (ബര്‍സ) പോലീസ് മര്‍ദിച്ച സംഭവത്തില്‍ എറണാകുളത്ത് ഇന്ന് രാത്രി മുഴുവന്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പേരില്‍ വൈകിട്ട് ആറുമണി മുതല്‍ പുലര്‍ച്ചെ ആറുവരെയാണ് പ്രതിഷേധം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പോലീസിന്റെ സദാചാര ഗുണ്ടായിസത്തിന് പ്രതീഷിനും അമൃതയും ഇരയാകേണ്ടിവന്നത്.
പ്രതീഷിന്റെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന അമൃതയെ പോലീസ് തടഞ്ഞുവെച്ച് അസഭ്യം പറയുകയും പ്രതീഷിനെ വിളിച്ചുവരുത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേത്തുടര്‍ന്ന്, സ്ഥലത്തെത്തിയ പ്രതീഷിനെയും പോലീസ് അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു എന്നാണ് പരാതി. പിന്നീട്, പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ ഇരുവരെയും പിറ്റേന്ന് അമൃതയുടെ വീട്ടില്‍ നിന്നും ആളെത്തിയ ശേഷം മാത്രമാണ് വിട്ടയച്ചത്.
പോലീസിന്റെ സദാചാര ഗുണ്ടായിസത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ സദാചാര പോലീസിനെതിരെ വ്യത്യസ്തമായ സമരപരിപാടികളാണ് അര്‍ധരാത്രിയില്‍ ഒരുങ്ങുന്നത്. കൂട്ടമായെത്തി പാട്ടുകള്‍ പാടിയും സ്ത്രീകളും ഭിന്നലിംഗക്കാരും ഉള്‍പ്പെടെയുള്ളവര്‍ രാത്രിയിലിറങ്ങാന്‍ മടിക്കുന്ന നഗരവീഥികളിലൂടെ നടക്കാനിറങ്ങിയുമൊക്കെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.