ട്രംപിന്റെ യാത്ര വിലക്ക് നിയമത്തിനു യുഎസ് സുപ്രീം കോടതിയുടെ അനുമതി

വാഷിങ്ടണ്‍: ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേയ്ക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം കൊണ്ടുവന്ന യാത്രാ വിലക്കിന് യു.എസ് സുപ്രീം കോടതി അനുകൂല വിധി പുറപ്പെടുവിച്ചു. യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നടപ്പില്‍ വരുത്തുന്നതിന് കോടതി അനുമതി നല്‍കി.

യാത്രാവിലക്ക് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാപരമാണെന്ന വാദം സ്വീകരിച്ചിട്ടില്ലെങ്കിലും ഉത്തരവ് മരവിപ്പിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അഞ്ചുപേരടങ്ങുന്ന ബഞ്ചില്‍ മൂന്നു ജഡ്ജിമാരാണ് ഉത്തരവിന് അനുകൂലമായി നിലപാടെടുത്തത്.അതേസമയം, നിയമം സംബന്ധിച്ച വ്യവഹാരങ്ങള്‍ കീഴ് കോടതികളില്‍ ഇപ്പോഴും തുടരുകയാണ്.

ഉത്തരവ് വിവേചനപരമാണെന്നും ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. അനുകൂല വിധിയുണ്ടായെങ്കിലും നിയമം നടപ്പാക്കുന്നതിന് ഇനിയും കാലതാമസമുണ്ടായേക്കും.

നേരത്തെ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ഹവായിലെ കോടതി ഉത്തരവിട്ടിരുന്നു.
ആറ് രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളുടെ അമേരിക്കയിലേയ്ക്കുള്ള പ്രവേശനത്തെ തടഞ്ഞുകൊണ്ടാണ് ട്രംപ് ഭരണകൂടം വിലക്ക് കൊണ്ടുവന്നത്. ഇറാന്‍, ലിബിയ, യെമെന്‍, സൊമാലിയ, സുഡാന്‍, സിറിയ എന്നീ ഏഴുരാജ്യങ്ങളിലെ പൗരന്‍മാരെ വിലക്കുന്ന ഉത്തരവാണ് ട്രംപ് ജനുവരിയില്‍ ഇറക്കിയത്. പിന്നീട് മാര്‍ച്ച് ആറിന് ഇതു സംബന്ധിച്ച് പുതുക്കിയ മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു. ഇതില്‍ ഇറാഖിനെ വിലക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു.

അഭയാര്‍ഥികളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് അമേരിക്കന്‍ ഭരണഘടനയനുസരിച്ച് മുസ്ലിം മതവിഭാഗങ്ങള്‍ക്കുനേരെയുള്ള വിവേചനമാണെന്നു കാണിച്ച് ചില സംഘടനകള്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചിരുന്നു.