ആഷസില്‍ ഇംഗ്ലണ്ടിനെ വീണ്ടും വീഴ്ത്തി ഓസിസ്; രണ്ടാം ടെസ്റ്റില്‍ 120 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
അഡ്ലെയ്ഡ്: അത്യന്തം ആവേശം നിറഞ്ഞ ആഷസ് പരമ്പരയിലെ രണ്ടാംമത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 120 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 354 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 233 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ചാം ദിവസം ഇംഗ്ലീഷ് നിരയുടെ ആറു വിക്കറ്റുകള്‍ ശരവേഗത്തില്‍ പിഴുതെറിഞ്ഞാണ് ഓസ്‌ട്രേലിയ മത്സരം പിടിച്ചെടുത്തത്.
57 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് അവസാന ആറു വിക്കറ്റുകള്‍ നഷ്ടമായത്. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. ക്രിസ് വോക്‌സ്(5), ജോ റൂട്ട്(67), മോയിന്‍ അലി(2), ക്രെയ്ഗ് ഓവര്‍ടണ്‍(7), സ്റ്റുവര്‍ട്ട് ബ്രോഡ്(8), ജോണി ബെയര്‍സ്റ്റോ(36) എന്നിവരാണ് ഇന്നു പുറത്തായ ഇംഗ്ലീഷ് താരങ്ങള്‍. സ്‌കോര്‍: ഓസ്‌ട്രേലിയ- 442/8 ഡിക്ലേയര്‍ & 138, ഇംഗ്ലണ്ട്- 227 & 233നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.
അര്‍ദ്ധസെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ജോ റൂട്ട് ഇംഗ്ലീഷ് പടയില്‍ ചെറുത്ത് നിന്നെങ്കിലും കണിശതയോടെയുള്ള ഓസിസ് ബൗളിങ്ങിന് മുന്‍പില്‍ ഏറെ നേരം പിടിച്ച് നില്‍ക്കാന്‍ റൂട്ടിനായില്ല.ക്യാപ്റ്റന്‍ വീണതോടെ പിന്നീടെത്തിയ ബാറ്റ്സ്മാന്മാരും പെട്ടെന്ന് കീഴടങ്ങുകയായിരുന്നു.ആദ്യ ടെസ്റ്റും ജയിച്ച ആതിഥേയരായ ഓസ്‌ട്രേലിയ പരമ്പരയില്‍ 2-0നു മുന്നിലെത്തി.