‘ഓഖി’ അപ്രതീക്ഷിത ദുരന്തം; മുന്നറിയിപ്പു ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി;മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം ധനസഹായം; പരുക്കേറ്റവര്‍ക്ക് അഞ്ചുലക്ഷം

തിരുവനന്തപുരം: കേരളത്തില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ചുഴലിക്കാറ്റിനെക്കുറിച്ച് നവംബര്‍ 28ന് മുന്നറിയിപ്പു കിട്ടിയിരുന്നില്ല. 29ന് 2.30ന് മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പു കിട്ടിയിരുന്നു. 30ന് ഉച്ചയ്ക്ക് 12 മണിക്കാണ് ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പു ലഭിച്ചത്.

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് ഈ-മെയില്‍ വഴിയോ ഫോണ്‍ വഴിയോ മുന്നറിയിപ്പു ലഭിച്ചിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ടായിരുന്നു. 30-നും ചുഴലിക്കാറ്റിനെക്കുറിച്ച് അറിയിപ്പുണ്ടായിരുന്നില്ല. ന്യൂനമര്‍ദത്തെക്കുറിച്ചുള്ള വിവരം മാത്രമാണുണ്ടായിരുന്നത്.

മുന്നറിയിപ്പു ലഭിച്ചതിനുശേഷമുള്ള ഒരു നിമിഷം പോലും പാഴാക്കിയിരുന്നില്ല. ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു വീഴ്ചപറ്റിയിട്ടില്ല. കേന്ദ്രമന്ത്രിമാരും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു. സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമാണ്. ഇത്രയും ശക്തമായ ചുഴലിക്കാറ്റ് നൂറ്റാണ്ടില്‍ ആദ്യമായിട്ടാണ് കേരളത്തില്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ തീരമേഖലയില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സമഗ്രനഷ്ടപരിഹാര പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നല്‍കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അഞ്ചുലക്ഷം രൂപയും നല്‍കും.വള്ളം, ബോട്ട്, വല തുടങ്ങിയ മത്സ്യബന്ധനഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സാഹയങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ധനസഹായം വേഗത്തില്‍ നല്‍കാനും തീരുമാനമായി.

പുനരധിവാസം, മത്സ്യത്തൊഴിലാളികളുടെ വിദ്യാഭ്യാസം എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധനസഹായം അടിയന്തരമായി വിതരണം ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയില്‍ വിദഗ്ദ്ധരെ ഉള്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. അതോറിട്ടി ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ റവന്യൂ മന്ത്രിയുമാണ്.