കേരളാ പോലീസിനെ പരിഹസിച്ച് രാമലീല സംവിധായകന് അരുണ്‍ ഗോപി
ദിലീപ് വിഷയത്തില്‍ കേരളാ പോലീസിനെ പരിഹസിച്ച് രാമലീല സംവിധായകന് അരുണ്‍ ഗോപി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെതിരെയുള്ള കുറ്റപത്രം ചോര്‍ന്നത് ഫോട്ടോസ്റ്റാറ് കടയില്‍ നിന്നാകാമെന്ന പോലീസിന്റെ വിശദീകരണത്തെയാണ് അരുണ്‍ ഗോപി പരിഹസിച്ചത്. പോലീസിനെ പരിഹസിച്ച് ഇനി സ്ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ് എടുക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അത് ചോരാന്‍ സാധ്യതയുണ്ട് എന്നാണ് അരുണ്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്. ദിലീപിനെതിരേയുള്ള കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് അതിന്റെ പകര്‍പ്പ് കിട്ടിയത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.
ഇത് തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണെന്നും പകര്‍പ്പ് പോലീസ് തന്നെ ചോര്‍ത്തിയതാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു. അതിന് പകര്‍പ്പ് ഫോട്ടോസ്റ്റാറ് എടുത്തപ്പോള്‍ ചോര്‍ന്നതാകാമെന്നും അല്ലെങ്കില്‍ നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ച് മാധ്യമങ്ങള്‍ ഇത് ചോര്ത്തിയതാകാമെന്നുമാണ് പോലീസ് നല്കിയ വിശദീകരണം. ദിലീപ് നായകനായ രാമലീലയുടെ സംവിധായകനാണ് അരുണ്‍ ഗോപി. ഈ വര്‍ഷത്തില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു രാമലീല. ചിത്രം ഇപ്പോഴും ചില തിയറ്ററുകളില്‍ കളിക്കുന്നുണ്ട്.