ചരിത്ര നേട്ടം സ്വന്തമാക്കി ടീം ഇന്ത്യ; തുടര്‍ച്ചയായ ഒന്‍പതാം പരമ്പര വിജയം; തോല്‍വിയില്‍ നിന്ന് പൊരുതിക്കയറി ലങ്ക

ദില്ലി:മൂന്നാം ടെസ്റ്റ് സമനിലയിലാവസാനിച്ചതോടെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0 ന് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ ടെസ്റ്റും സമനിലയിലാവസാനിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ വിജയതീരമണിഞ്ഞ ഇന്ത്യ തുടര്‍ച്ചയായ ഒന്‍പതാം പരമ്പര വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്.വിജയലക്ഷ്യമായ 410 റണ്‍സ് പിന്തുടര്‍ന്ന ലങ്ക അവസാനം ദിനം അഞ്ചിന് 299 എന്ന നിലയില്‍ നില്‍ക്കെ മത്സരം അവസാനിപ്പിക്കാന്‍ ഇരുക്യാപ്റ്റന്‍മാരും സമ്മതിക്കുകായിരുന്നു.

സ്‌കോര്‍: ഇന്ത്യ ഏഴിന് 537, അഞ്ചിന് 246; ശ്രീലങ്ക 373, അഞ്ചിന് 299.

കരിയറിലെ ആറാം ഡബിള്‍ സെഞ്ച്വറിയോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്ന ക്യാപ്റ്റന്‍ കോഹ് ലിയാണ് കളിയിലെ താരം.പരമ്പരയില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി ഉള്‍പ്പെടെ 600 ലേറെ റണ്‍സ് സ്‌കോര്‍ ചെയ്ത കോഹ്ലി തന്നെയാണ് പാരമ്പരയിലെയും,താരം.പരമ്പര നേട്ടത്തോടെ ഇന്ത്യ മറ്റൊരു ചരിത്രനേട്ടവും സ്വന്തമാക്കി. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ നേടുന്ന ടീമെന്ന ലോകറെക്കോര്‍ഡിനൊപ്പം കോഹ്ലിയും സംഘവുമെത്തി. കോഹ്ലിയുടെയും സംഘത്തിന്റെയും തുടര്‍ച്ചയായ ഒന്‍പതാം പരമ്പര വിജയമാണിത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്ന മറ്റ് ടീമുകള്‍.

മൂന്നിന് 31 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ മാത്യൂസിനെ നഷ്ടമായി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ചേര്‍ന്ന ധനഞ്ജയ ഡിസില്‍വയും ചന്‍ഡിമാലും മത്സരത്തെ സമനിലയിലേക്ക് നീക്കുകയായിരുന്നു. ധനഞ്ജയയുടെ സെഞ്ച്വറിയാണ് ലങ്കയെ സമനിലയ്ക്ക് പ്രാപ്തമാക്കിയത്. 219 പന്തില്‍ഡ 15 ഫോറുകളും ഒരു സിക്‌സറും പറത്തിയ ധനഞ്ജയ 119 റണ്‍സെടുത്ത് റിട്ടയേഡ് ഹര്‍ട്ട് ആവുകയായിരുന്നു. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റോഷന്‍ ഡിസില്‍വയും (74) നിരോഷന്‍ ഡിക്വെല്ലയും (44) ടീം തോല്‍ക്കില്ലെന്ന് ഉറപ്പുവരുത്തി. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.