ശ്രീലങ്കന്‍ താരങ്ങളെ കുറ്റം പറഞ്ഞ ആരാധകരെ ഡല്‍ഹിയിലെ വിഷ വായു ഇന്ത്യന്‍ കളിക്കാരെയും ഛര്‍ദിപ്പിച്ചു

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങവേ ശ്രീലങ്കന്‍ താരങ്ങള്‍ ഡല്‍ഹിയിലെ വായു മലിനീകരണം ശ്വാസ തടസമുണ്ടാക്കുന്നുവെന്ന് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ മാസ്‌ക് ധരിച്ചാണ് മത്സരം തുടര്‍ന്നത്.കളിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടായതോടെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു

കഴിഞ്ഞ ദിവസം ബൗളിങ്ങിനിടെ ലങ്കന്‍ താരം ലക്മല്‍ ഗ്രൗണ്ടില്‍ ഛര്‍ദിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഡല്‍ഹിയിലെ വായു മലിനീകരണവും മൂടല്‍ മഞ്ഞും മൂലം ശ്രീലങ്കന്‍ താരങ്ങള്‍ക്കു പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായതാണ് പുതിയ വാര്‍ത്ത. ഡല്‍ഹി മത്സരത്തിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കാണ് ദേഹാസ്വാസ്ഥ്യം നേരിട്ടത്. ബൗളിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷമി മൈതാനത്ത് ഛര്‍ദിച്ചു.തുടര്‍ന്ന് അല്‍പ്പം വിശ്രമിച്ച ശേഷമാണ് ഷമി ഓവര്‍ പൂര്‍ത്തിയാക്കിയത്.

മലിനീകരണ തോത് 500 എത്തിയതിനെത്തുടര്‍ന്ന് ഡല്‍ഹി ഗവണ്‍മെന്റ് കഴിഞ്ഞ മാസം മുതല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വായുവില്‍ വിഷാംശമുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവണ്‍മെന്റിന്റെ എയര്‍ ക്വാളിറ്റി പരിശോധനയില്‍ വ്യക്തമായിരുന്നു.