ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്ററിന് പുതിയ നേതൃത്വം
പി.പി. ചെറിയാന്‍
ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോറിന്റെ അദ്ധ്യക്ഷതയില്‍ ന്യൂയോര്‍ക്ക് റോക്ക്ലാന്റിലെ സഫ്രോണ്‍ ഇന്ത്യന്‍ കുസിനില്‍ വെച്ച് നടന്ന വാര്‍ഷിക യോഗത്തിലാണ് രാജു പള്ളത്ത് (പ്രസിഡന്റ്), മൊയ്തീന്‍ പുത്തന്‍ചിറ (സെക്രട്ടറി), ബിനു തോമസ് (ട്രഷറര്‍), ജോര്‍ജ് തുമ്പയില്‍ (വൈസ് പ്രസിഡന്റ്), ഷിജോ പൗലോസ് (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തത്.
രാജു പള്ളത്ത് (പ്രസിഡന്റ്): ഇപ്പോള്‍ ഇന്ത്യാ പ്രസ് ക്ലബ് നാഷണല്‍ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിക്കുന്നു. ഏഷ്യാനെറ്റ് എച്ച്.ഡി. ചാനലിന്റെ അമേരിക്കയിലേയും കാനഡയിലേയും പ്രോഗ്രാം ഡയറക്ടറാണ്. ഏഷ്യാനെറ്റ് യു.എസ്. വീക്ക്ലി റൗണ്ടപ്പിന്റെയും അമേരിക്കന്‍ കാഴ്ചകള്‍ എന്ന പ്രോഗ്രാമിന്റെയും പ്രൊഡ്യൂസറായിരുന്നു. ഡിഷ് നെറ്റ്വര്‍ക്കിന്റെ റിട്ടെയില്‍ ഏജന്റു കൂടിയാണ് രാജു പള്ളത്ത്. റവ. ഫാ. ഡേവിഡ് ചിറമേലിന്റെ കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അമേരിക്കയിലെ കോഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ്.
മൊയ്തീന്‍ പുത്തന്‍ചിറ (സെക്രട്ടറി): ഒന്നര പതിറ്റാണ്ടോളമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നു. സമകാലീന വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ന്യൂയോര്‍ക്കിന്റെ തലസ്ഥാന നഗരിയില്‍ ആദ്യമായി മലയാളി അസ്സോസിയേഷന്‍ രൂപീകരിക്കാന്‍ പ്രയത്‌നിച്ചു (1993). ഏഴു വര്‍ഷം ഇതേ സംഘടനയുടെ സെക്രട്ടറി, മൂന്നു വര്‍ഷം പ്രസിഡന്റ് എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. ആല്‍ബനിയിലെ ഇന്ത്യന്‍ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷനില്‍ ബോര്‍ഡ് മെംബര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സംഘടനയിലെ 2018-ലേക്കുള്ള കമ്മിറ്റിയില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിരവധി ലേഖനങ്ങളും കഥകളും അമേരിക്കന്‍ മലയാള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്നു ഭാഷകളിലായി പ്രസിദ്ധീകരിക്കുന്ന മലയാളം ഡെയ്ലി ന്യൂസിന്റെ മാനേജിംഗ് എഡിറ്ററാണ്. 2010-ലെ ഫൊക്കാന ആല്‍ബനി കണ്‍വന്‍ഷന്റെയും 2012-ലെ ഹ്യൂസ്റ്റണ്‍ കണ്‍വന്‍ഷന്റേയും മീഡിയ ചെയര്‍മാനായും, സ്റ്റാര്‍ സിംഗര്‍ യുഎസ്എയുടെ മീഡിയ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തനത്തിനും ഇ-മലയാളി/കൈരളി ടി.വി. അവാര്‍ഡും വിവിധ സംഘടനകളുടെ മറ്റു അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
ബിനു തോമസ് (ട്രഷറര്‍): 2008 മുതല്‍ കൈരളി ടിവി യു എസ് എ യുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവും ട്രൈസ്റ്റേറ്റ് ബ്യൂറോ ചീഫും ആണ്. അമേരിക്കയിലെ നിര്‍ണ്ണായക വാര്‍ത്തകള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി മികവാര്‍ന്ന ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന ബിനു അമേരിക്കന്‍ ഫോക്കസ് എന്ന പരിപാടിയുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവാണ്. മികച്ച ക്യാമറ ടെക്നീഷ്യനും വീഡിയോ എഡിറ്ററുമായ ബിനു തോമസ്, ഫോട്ടോഗ്രാഫിയിലും തന്റെ സാന്നിദ്ധ്യവും കഴിവും തെളിയിച്ചിട്ടുണ്ട്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക 2017-ല്‍ പ്രഖ്യാപിച്ച ടെക്നിക്കല്‍ എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൈവ് സ്റ്റാര്‍ ഇലക്ട്രിക് എന്ന എന്‍ജിനീയറിംഗ് & കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടറൈസ്ഡ് ഡിസൈനറായി ജോലി ചെയ്യുന്നു.
ജോര്‍ജ് തുമ്പയില്‍ (വൈസ് പ്രസിഡന്റ്): കാല്‍ നൂറ്റാണ്ടിലേറെയായി അമേരിക്കയിലെ ദൃശ്യ, അച്ചടി, വെബ് മാധ്യമ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ‘ജനകീയ എഴുത്തുകാരന്‍’ എന്ന ബഹുമതി നേടിയ വ്യക്തിയാണ് ജോര്‍ജ് തുമ്പയില്‍. തുടര്‍ച്ചയായ 9-ാം വര്‍ഷവും കോളമിസ്റ്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ രണ്ട് മാധ്യമങ്ങളില്‍ ഒരേ സമയം സമകാലീന സംഭവങ്ങളെ കോര്‍ത്തിണക്കി പംക്തികള്‍ ചെയ്യുന്നു. ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്, സെക്രട്ടറി, നാഷണല്‍ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പരിചയസമ്പത്തുണ്ട്. ന്യൂജെഴ്‌സിയില്‍ നടന്ന ദേശീയ കോണ്‍ഫറന്‍സുകള്‍ വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം പത്രിക നാഷണല്‍ കറസ്‌പോണ്ടന്റ്, ഇ-മലയാളി സീനിയര്‍ എഡിറ്റര്‍, പ്രവാസി ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ഷിജോ പൗലോസ് (ജോ. സെക്രട്ടറി): ഏഷ്യാനെറ്റ് യു.എസ്. വീക്ക്ലി റൗണ്ടപ്പിന്റേയും അമേരിക്കന്‍ കാഴ്ചകളുടേയും എഡിറ്ററും ക്യാമറാമാനുമായി തുടക്കമിട്ടു. അമേരിക്കയില്‍ നിന്നുള്ള പ്രധാനപ്പെട്ട സംഭവങ്ങള്‍ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ കാണുന്നത് ഷിജോ പൗലോസ് പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ സീനിയര്‍ ക്യാമറാമാനും പ്രൊഡക്ഷന്‍ കോര്‍ഡിനേറ്ററുമായ ഷിജോ, ഡോക്ടര്‍ കൃഷ്ണ കിഷോറുമൊത്തു വാര്‍ത്തകള്‍ ഉടനുടന്‍ പ്രേക്ഷകരിലെത്തിക്കുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ സമഗ്ര കവറേജ് , തത്സസമയ റിപ്പോട്ടുകള്‍, ട്രംപിന്റെ സ്ഥാനാരോഹണത്തിന്റെ വാഷിംഗ്ടണില്‍ നിന്നുള്ള തത്സമയ സംപ്രേഷണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങിയ വാര്‍ത്തകള്‍ക്കു ക്യാമറ ചലിപ്പിച്ചത് ഷിജോ പൗലോസ് ആണ്.
ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്ക ഈ ആഴ്ച എന്ന പ്രതിവാര പരിപാടിയുടെ പ്രൊഡക്ഷന്‍ ചുമതലയും വഹിക്കുന്നു. ഒപ്പം യു എസ് വീക്കിലി റൗണ്ട് അപ്പിന്റെ നിര്‍മ്മാണ നിര്‍വഹണവും വഹിക്കുന്നു. മികച്ച ക്യാമറാമാനും, പ്രൊഡക്ഷന്‍ വിദഗ്ധനുമായ ഷിജോ പൗലോസ് പത്തു വര്‍ഷമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രതിഭയാണ്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക 2017-ല്‍ പ്രഖ്യാപിച്ച ടെക്നിക്കല്‍ എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ, പ്രത്യേകിച്ച് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത് പറഞ്ഞു. ട്രൈസ്റ്റേറ്റ് ഏരിയായിലെ എല്ലാ സാമൂഹ്യ-സാംസ്‌ക്കാരിക-മത സംഘടനകളുമായി ആശയവിനിമയം നടത്തുമെന്നും, പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും രാജു കൂട്ടിച്ചേര്‍ത്തു.
മാധ്യമ രംഗത്തെ നവാഗതര്‍ക്കായി പരിശീലന ക്ലാസ്സുകളും അവര്‍ക്കു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുമെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റവും സജീവമായ ചാപ്റ്ററുകളില്‍ ഒന്നാണ് ന്യൂയോര്‍ക്ക്.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നിയുക്ത ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോര്‍, സെക്രട്ടറി സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് പ്രിന്‍സ് മാര്‍ക്കോസ് മുന്‍ ഭാരവാഹികളും അംഗങ്ങളുമായ റെജി ജോര്‍ജ്ജ്, ജോര്‍ജ് ജോസഫ്, ജോസ് കാടാപുറം, ടാജ് മാത്യു, സുനില്‍ ട്രൈസ്റ്റാര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചിരുന്നു.