ദുരിത ബാധിതര്‍ക്ക് നല്‍കിയ സൗജന്യ അരി ഗുണനിലവാരമില്ലാത്തത്; വിഴിഞ്ഞത്ത് റേഷന്‍  വാങ്ങാതെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതത്തില്‍ നിന്നും തീരാ പ്രദേശങ്ങള്‍ ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല.ഓഖി ദുരന്തത്തിന് ഇരയായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ ഈ സൗജന്യ റേഷന്‍ ബഹിഷ്‌ക്കരിച്ചു.വിതരണം ചെയ്ത അരിയ്ക്ക് ഗുണനിലവാരമില്ലെന്ന് ആരോപിച്ചാണ് മല്‍സ്യത്തൊഴിലാളികള്‍ ബഹിഷ്‌ക്കരണം ചെയ്യുന്നത്.കാലപ്പഴക്കം ചെന്നതും ഗുണനിലവാരമില്ലാത്തതുമായ അരിയാണ് തങ്ങള്‍ക്ക് നല്‍കുന്നതെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആരോപണം.

അതെ സമയം ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സമഗ്രനഷ്ടപരിഹാര പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നല്‍കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അഞ്ചുലക്ഷം രൂപയും നല്‍കും.വള്ളം, ബോട്ട്, വല തുടങ്ങിയ മത്സ്യബന്ധനഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സാഹയങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ധനസഹായം വേഗത്തില്‍ നല്‍കാനും തീരുമാനമായി.