ഓഖി ദുരന്തം:11 പേരെക്കൂടി രക്ഷപ്പെടുത്തി;കടലില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന് മല്‍സ്യത്തൊഴിലാളികള്‍

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ലക്ഷദ്വീപിന് സമീപത്ത് കടലില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് ലക്ഷദ്വീപ് തീരത്ത് എത്തിച്ചു. ഉടന്‍തന്നെ ഇവരെ തിരുവനന്തപുരത്ത് എത്തിക്കും.രക്ഷപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കന്യാകുമാരിക്ക് സമീപം ചുഴലിക്കാറ്റില്‍പ്പെട്ടത്തിനെത്തുടര്‍ന്നു ഉപേക്ഷിക്കേണ്ടിവന്ന ഒരും ബോട്ടും കണ്ടെത്തി. ബിനോയ് മോന്‍ എന്ന ബോട്ടാണ് കണ്ടെത്തിയത്.ബോട്ടിലുണ്ടായിരുന്ന 13 പേരെ മറ്റൊരു ബോട്ടില്‍ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. കായംകുളത്തിന് പടിഞ്ഞാറുഭാഗത്തുനിന്നാണ് ബോട്ട് കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി തീരസംരക്ഷണ സേനയുടെ 12 കപ്പലുകള്‍ ഇന്ന് തെരച്ചില്‍ നടത്തും. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ എ.എന്‍.എസ് കല്‍പ്പേനി എന്ന കപ്പല്‍ ഇന്ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും. തെരച്ചിലിനായി ഫിഷറീസ് വകുപ്പിന്റെ അഞ്ച് ബോട്ടുകളും പുറപ്പെടുന്നുണ്ട്. ഇതുവരെ സംയുക്തസേന ഇതുവരെ 359 പേരെ രക്ഷപ്പെടുത്തിയതായാണ് കണക്ക്.

ചുഴലില്‍ക്കാറ്റില്‍പെട്ട് കടലില്‍ അകപ്പെട്ടവരില്‍ 92 പേരെ മാത്രേമ ഇനിയും കണ്ടെത്താനുള്ളൂവെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, തിരുവനന്തപുരം ജില്ലയില്‍മാത്രം 201 പേരെ കടലില്‍ കാണാതായാതായി ലത്തീന്‍ അതിരൂപത പറയുന്നു. കൊച്ചിയില്‍ നിന്ന് പോയ 700 തൊഴിലാളികള്‍ മടങ്ങിയെത്താനുണ്ടെന്ന് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, ലോങ്ലൈന്‍ ബോട്ട്സ് ഏജന്റ്സ് അസോസിയേഷന്‍ എന്നിവര്‍ വ്യക്തമാക്കി.അതെ സമയം 68 ബോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ലെന്ന് അവര്‍ പറയുന്നു. കടലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് ഇന്നലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളും പറയുന്നത്.