ബാബറി മസ്ജിദ്‌ ഇരട്ടതാപ്പുമായി കേരളാ പോലീസ് ; പള്ളി പൊളിച്ചതിന്റെ വാര്‍ഷികം ലഡു വിതരണം ആര്‍എസ്എസ് ആഘോഷിച്ചത് പോലീസിന്‍റെ മുന്‍പില്‍ വെച്ച്

ബാബരി മസ്ജിദ് തകര്‍ത്ത 25 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ അതിന്‍റെ ആഘോഷം പരസ്യമായി കൊണ്ടാടി ആര്‍ എസ് എസ്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ആഘോഷമായി മധുര വിതരണം നടത്തിയ സംഘപരിവാര പ്രവര്‍ത്തകര്‍ ഡിസംബര്‍ ആറ് വിജയദിവസമായി ആഘോഷിച്ചു. ഏറെ ആസൂത്രിതമായി നേരത്തെ തന്നെ തീരുമാനിച്ച മധുര വിതരണം അങ്ങോളമിങ്ങോളം നടന്നിട്ടും കേരളാ പൊലീസ് നടപടി സ്വീകരിക്കാത്തത് പോലീസിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നതിന് സഹായകമായി മാറി. ഡിസംബര്‍ ആറാം തീയതി വിജയദിവസ് ആയി ആഘോഷിക്കാന്‍ സംഘപരിവാര സംഘടനകള്‍ രണ്ടു ദിവസം മുമ്പു തന്നെ ആഹ്വാനം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു. ആര്‍എസ്എസ് സഹസംഘടനകള്‍ മുന്‍കൈയെടുത്താണ് പലയിടങ്ങളിലും മധുര വിതരണം സംഘടിപ്പിച്ചത്. എല്ലാ ജില്ലയിലും വളരെ വ്യവസ്ഥാപിതമായി ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലടക്കം കേരളത്തിലെ ഒട്ടുമിക്ക നഗര കേന്ദ്രങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മധുര വിതരണം നടത്തിയപ്പോള്‍ പല ഇടങ്ങളിലും പോലീസ് ഇതിനൊക്കെ സാക്ഷിയായി മാറുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ബാബരി മസ്ജിദ് അനുസ്മരണ പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ കാസര്‍കോഡ് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇതേ വിഷയത്തില്‍ പരസ്യമായി സാമുദായിക സ്പര്‍ധ സൃഷ്ടിക്കുന്ന നടപടിയുമായി ആര്‍എസ്എസ് രംഗത്തെത്തിയിട്ടും കേരളാ പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. എന്നിരുന്നാലും അനങ്ങാപാറ നയമാണ് പോലീസ് ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത്.