രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ കുടുംബത്തെ പുറത്താക്കി സിപിഎം ഓഫീസ് സ്ഥാപിച്ചു
കുമളിക്ക് സമീപമുള്ള മുരിക്കടിയില്‍ രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ ദളിത് കുടുംബത്തെ പുറത്താക്കി സിപിഎം ഓഫീസ് സ്ഥാപിച്ചു. അധ്യാപകന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളാണ് ഇതിന് പിന്നില്‍. ദളിത് കുടുംബത്തിന് അനുകൂലമായ കോടതിവിധി നടപ്പിലാക്കാന്‍ പോലീസ് തയ്യാറായില്ല. തമിഴ് ദളിത് വിഭാഗത്തില്‍ പെട്ട മാറിയപ്പന്‍ ഭാര്യ ശശികല ഇവരുടെ രണ്ട് പെണ്മക്കളെയുമാണ് സിപിഎം പുറത്താക്കി ഓഫീസ് സ്ഥാപിച്ചത്.
മുരുക്കടിയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ മുഹമ്മദ് സല്‍മാന്‍ എന്ന മുത്തുവും അദ്ദേഹത്തിന്റെ സഹോദരനായ മാരിയപ്പനും തമ്മിലുള്ള തര്‍ക്കം മുതലെടുത്താണ് സിപിഎം പ്രാദേശിക നേതാക്കളുടെ നടപടി. തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് ഇവരെ പുറത്താക്കി വീട് സിപിഎം ഓഫീസാക്കി മാറ്റിയത്. മുഹമ്മദ് സല്‍മാനുമായുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട സിപിഎം വീടിന് മുന്നില്‍ പാര്‍ട്ടി ഓഫീസ് എന്ന ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.
തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ നിരന്തരമായി വീട്ടിലിരുന്ന് മദ്യപിക്കുകയും മാറിയപ്പന്റെ ഭാര്യ ശശികലയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പീരുമേട് മജിസ്ട്രേറ്റില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ശശികല ഗാര്‍ഹിക പീഢനത്തിന് ഇരയാകുന്നുവെന്നും നടപടിവേണമെന്നും ആവശ്യപ്പെട്ട് കുമളി സബ് ഇന്‍സ്‌പെക്ടര്‍ക്ക് മജിസ്ട്രേറ്റ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. ഇതിനിടെയാണ് വീട്ടില്‍ മാരകായുധങ്ങളുമായി ഒരു സംഘം അതിക്രമിച്ച് കയറുകയും മാരിയപ്പനെയും കുടുംബത്തെയും പുറത്താക്കുകയും ചെയ്തത്. തുടര്‍ന്ന് വീട് സിപിഎം ബ്രാഞ്ച് ഓഫീസ് ആക്കി മാറ്റുകയുമായിരുന്നു. പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കുന്നതിന് ഒത്താശ ചെയ്തു എന്ന് ഇവര്‍ പറയുന്നു.
മാരിയപ്പനും ഭാര്യ ശശികലയും തമിഴ് ദളിത് വിഭാഗത്തില്‍ പെട്ടവരാണ്. വീട്ടില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം നേതാക്കള്‍ എത്തിയ സമയത്ത് മാരിയപ്പന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കായികമായി കൈയേറ്റം ചെയ്താണ് ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് ശശികല പറയുന്നു. മാരിയപ്പനെും കുടുംബത്തെയും ഒഴിപ്പിക്കരുതെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഇവരെ സിപിഎം വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. ഇവരുടെ തിരിച്ചറിയല്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും പാര്‍ട്ടി ഭാരവാഹികള്‍ പിടിച്ച് വെച്ചിരിക്കുകയാണ്.
മാരിയപ്പന് വീട്ടില്‍ അവകാശമില്ലെന്നാണ് സിപിഎം ഭാരവാഹികള്‍ പറയുന്നത്. വീട് സിപിഎമ്മിന് മുഹമ്മദ് സല്‍മാന്‍ വാടകയ്ക്ക് നല്‍കിയതായിരുന്നുവെന്നും പാര്‍ട്ടി പറയുന്നു. വീടിരിക്കുന്നത് മുഹമ്മദ് സല്‍മാന്റെ സഥലത്താണെന്നും വീട് ഇദ്ദേഹത്തിന്റെ പേരില്‍ തീറാധാരം എഴുതിയിട്ടുള്ളതുമാണെന്നാണ് സിപിഎം പറയുന്നത്. ഇദ്ദേഹം വാടക ചീട്ട് നല്‍കിയതിനെ തുടര്‍ന്നാണ് സിപിഎം ഓഫീസ് തുറന്നതെന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 30 വര്‍ഷമായി ഈ വീട്ടിലാണ് മാറിയപ്പനും കുടുംബവും താമസിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
സംഭവം വിവാദമായതോടെ പോലീസ് നടപടികളിലേക്ക് നീങ്ങുകയും സി പി എം മുരുക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ്, അനിയന്‍, അനൂപ്, അഭിലാഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.