അന്താരാഷ്ട്ര തലത്തില്‍ ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുമെന്ന് ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍: അന്താരാഷ്ട്ര രംഗത്ത് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ട്രംപ് ഭരണകൂടം.ജറുസലേമിന്റെ കാര്യത്തില്‍ പതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചുവരുന്ന നിലപാടിനെ അട്ടിമറിച്ചുകൊണ്ടാണ് ട്രംപിന്റെ നീക്കം.ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച് യുഎസ് സ്ഥാനപതി കാര്യാലയം അവിടേയ്ക്ക് മാറ്റുന്നതിന് തീരുമാനമെടുത്തതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പ്രസിഡന്റ് ട്രംപ് ഇന്ന് നടത്തും. ഇപ്പോള്‍ ടെല്‍ അവീവിലുള്ള എംബസി ഓഫീസ് മാറ്റുന്നത് സംബന്ധിച്ച നടപടികള്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും. ചരിത്ര യാഥാര്‍ഥ്യം പ്രസിഡന്റ് അംഗീകരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ മറ്റൊരു വാഗ്ദാനം കൂടി പ്രസിഡന്റ് പാലിക്കുകയാണ്. പുരാതനകാലം മുതല്‍ ജൂദ ജനതയുടെ തലസ്ഥാനമായിരുന്നു ജറുസലേം-ട്രംപ് ഭരണകൂടതത്തിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്നതും ഇസ്രയേല്‍-പലസ്തീന്‍ സമാധാന കരാറും തമ്മില്‍ ബന്ധമില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു.എംബസി മാറ്റുന്നത് സംബന്ധിച്ച് മേഖലയിലെ മറ്റു രാഷ്ട്രത്തലവന്‍മാരുമായി ട്രംപ് ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. അതെ സമയം അമേരിക്കയുടെ ഈ നടപടി മുസ്ലിങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുമെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നുമാണ് പല രാജ്യങ്ങളുടെയും നിലപാട്. ഫ്രാന്‍സ് അടക്കമുള്ള അമേരിക്കയുടെ അടുപ്പക്കാരായ യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുടെ പുതിയ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്.
ജറുസലേമിന്റെ കാര്യത്തില്‍ അമേരിക്ക സ്വീകരിക്കുന്ന പുതിയ നിലപാടില്‍ പലസ്തീനുള്ള നീരസം അറിയിച്ചതായി പലസ്തീന്‍ വക്താവ് വ്യക്തമാക്കുന്നു. പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് ഇതു സംബന്ധിച്ച് ട്രംപുമായി ഫോണില്‍ ബന്ധപ്പെട്ടതായും തീവ്രവാദികളുടെ കൈയിലെ കളിപ്പാവയായി ട്രംപ് മാറിയെന്നും ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയതായും വക്താവ് പറഞ്ഞു.ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ചുവന്ന സമാധാന ശ്രമങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമാണ് അമേരിക്കയുടെ പുതിയ നീക്കം.