സിപിഎം പാതക കൊണ്ട് പൃഷ്ഠം തുടച്ച് വൈറലാക്കി; കവലയിലെത്തിയപ്പോള്‍ പാര്‍ട്ടിക്കാര്‍ പഞ്ഞിക്കിട്ടു;നാട്ടില്‍ നിന്ന് മാറി നില്‍ക്കാനുള്ള പൊലീസ് വാക്കും കേട്ടില്ല
പെരുമ്പാവൂര്‍: സി.പി.എം പതാക കൊണ്ട് പൃഷ്ഠം തുടച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അശമന്നൂര്‍ നൂലേലി ചിറ്റേത്തുകുടി വീട്ടില്‍ സി.കെ.മൈതീനെതിനെതിരെ (34) പൊലീസ് കേസെടുത്തു. മനപ്പൂര്‍വ്വം ലഹള സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും അടിപിടിയില്‍ പങ്കാളിയായി എന്നും കാണിച്ചാണ് കേസ്.എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ മൈതീന്‍ പൊലീസ് നടപടി ഭയന്ന് ഒളിവില്‍ പോയതായാണ് സൂചന.
സി.പി.എം പാത കൊണ്ട് പ്യഷ്ഠം തുടയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനാണ് പൊലീസ് ആദ്യം ഇയാള്‍ക്കെതിരെ കേസെടുത്തത്. ഈ കേസില്‍ പോലീസ് പിടിയിലായ മൈതീനെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നുള്ള വിലയിരുത്തലിനെതുടര്‍ന്ന് ഒരു ദിവസത്തോളം സ്റ്റേഷനിലിരുത്തിയിരുന്നു.വൈകിട്ടോടെ രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സലിം ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും കോണ്‍ഗ്രസ് നേതാക്കളുമെത്തിയതോടെയാണ് മൈതീനെ പൊലീസ് വിട്ടയച്ചത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുറച്ച് ദിവസത്തേക്ക് നാട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലതെന്ന് പൊലീസ് മൈതീനെ ബോദ്ധ്യപ്പെടുത്തിയിരുന്നു. ഇക്കാര്യം പൊലീസ് സന്ധി സംഭാഷണത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. ഈ സാഹചര്യം നിലനില്‍ക്കേയാണ് മൈതീന്‍ കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി 8.30 ഓടെ ഓടക്കാലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തവേ സി.പി.എം പ്രവര്‍ത്തരും മൈതീനും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. അടിപിടിയില്‍ ഇരുകൂട്ടര്‍ക്കും സാരമായി പരിക്കേറ്റു. സംഭവം മുന്നണികള്‍തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് എത്തും മുന്‍പ് കുറുപ്പംപടി പൊലീസ് എത്തുകയും ഇരുകൂട്ടര്‍ക്കും എതിരെ കേസെടുക്കുകയും ചെയ്തു.
ദിവസങ്ങള്‍ക്ക് മുന്‍പ് ഒടക്കാലി കമ്പനിപ്പടിയിലെ ബസ്റ്റോപ്പില്‍നിന്ന് സി.കെ.മൈതീന്‍ പരസ്യമായി സി.പി.എം പതാകകൊണ്ട് പൃഷ്ടം തുടക്കുകയും ഇതിന്റെ ചിത്രം എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സി.പി.എം പ്രവര്‍ത്തകര്‍ പതാകയെ അവഹേളിച്ചതിന്റെ പേരില്‍ കുറുപ്പംപടി പൊലീസില്‍ പരാതിനല്‍കുകയും ചെയ്തു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ സി.കെ.മൈതീനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.