ഇസ്രയേല്‍ തലസ്ഥാനം:അമേരിക്കയുടെ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി:അന്താരാഷ്ട്ര തലത്തില്‍ ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച യുഎസ് നിലപാടിനെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ. പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്ര നിലപാട് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. വിഷയത്തില്‍ യുഎസിനെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടനും നിലപാടെടുത്തിരുന്നു.
ഇന്ത്യയുടെ പ്രതികരണം തേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചപ്പോഴായിരുന്നു നിലപാട് പ്രഖ്യാപനം. ‘പലസ്തീനില്‍ ഇന്ത്യ സ്വതന്ത്രവും സ്ഥിരതയുമാര്‍ന്ന നിലപാടാണ് എടുത്തിട്ടുള്ളത്. നമ്മുടെ വീക്ഷണങ്ങളും താല്‍പര്യങ്ങളുമാണ് ഇതിനാധാരം. അതില്‍ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാനാവില്ല’- വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ഇസ്രയേല്‍ ബന്ധത്തില്‍ സുപ്രധാന നയംമാറ്റമാണ്, തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപ്പാക്കിയത്. ജറുസലമിനെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യമാണ് യുഎസ്. ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമായ ജറുസലമിന്റെ പദവിയെക്കുറിച്ച് നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
അതെ സമയം അമേരിക്കയുടെ ഈ നടപടി മുസ്ലിങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുമെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നുമാണ് പല രാജ്യങ്ങളുടെയും നിലപാട്. ഫ്രാന്‍സ് അടക്കമുള്ള അമേരിക്കയുടെ അടുപ്പക്കാരായ യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുടെ പുതിയ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്.