ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്ത്തി തീയിട്ട് കൊന്നു;വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു
രാജ്സമന്ദ്(രാജസ്ഥാന്‍): ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്ത്തിയ ശേഷം തീകൊളുത്തിക്കൊന്നു. ശേഷം ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
പശ്ചിമബംഗാള്‍ സ്വദേശിയും രാജ്സമന്ദില്‍ കരാര്‍ ജീവനക്കാരനുമായ മുഹമ്മദ് അഫ്രസുല്‍ എന്ന യുവാവാണ് ക്രൂരമായി അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. പ്രദേശവാസിയായ ശംഭുലാല്‍ രേഗര്‍ ആണ് കൊലപാതകം നടത്തിയത്.പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്താരിയ പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരികയും മഴു ഉപയോഗിച്ച് ശരീരത്തില്‍ വെട്ടി നിലത്തു വീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് തീകൊളുത്തി. ആക്രമത്തില്‍ നിലത്തുവീണ അഫ്രസുല്‍ നിലവിളിക്കുന്നതും ജീവനുവേണ്ടി യാചിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കൊലപാതകി വീഡിയോയില്‍ സംസാരിക്കുന്നുമുണ്ട്. കൊലപാതകം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് ശംഭുലാലിന്റെ സുഹൃത്താണ്.
ശംഭുലാലിന്റെ സഹോദരിയുമായി മുഹമ്മദ് അഫ്രസുലിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് പകുതിയോളം കത്തിക്കരിഞ്ഞ മൃതദേഹവും ഒരു മഴുവും സ്‌കൂട്ടറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രാജ്നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.