ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: നിയമ കമ്മീഷനോട് അഭിപ്രായം തേടി ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ആവശ്യത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമ കമ്മീഷനോട് അഭിപ്രായം ആരാഞ്ഞു.രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും അതിനാല്‍ ഇവിടങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നുമുള്ള ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്നാണ് ന്യൂനപക്ഷ കമ്മീഷന്റെ നടപടി.

വിഷയത്തില്‍ നിയമ കമ്മീഷന്റെ അഭിപ്രായവും ഉപദേശവും തേടിയാതായി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഖയോറുള്‍ ഹസന്‍ റിസ്വി പറഞ്ഞു. അടുത്ത നടപടി സ്വീകരിക്കുന്നതിന് നിയമ കമ്മീഷന്റെ മറുപടി ലഭിക്കേണ്ടതുണ്ട്. മറുപടിക്കനുസരിച്ച് സര്‍ക്കാരുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുവിഭാഗത്തിന് ന്യൂനപക്ഷ പദവി നല്‍കി നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത്തരം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ന്യൂനപക്ഷ കമ്മീഷനാണെന്നും സുപ്രീം കോടതിയ്ക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചു. ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ ന്യൂനപക്ഷ കമ്മീഷനു മുന്നില്‍ ഉന്നയിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

2011-ലെ സെന്‍സസ് പ്രകാരം മിസോറാം, നാഗാലാന്റ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും ഹിന്ദു വിഭാഗക്കാര്‍ വളരെ കുറവാണ്, അതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ ഹിന്ദുവിഭാഗത്തിനെ ന്യൂനപക്ഷ വിഭാഗമായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജി ആവശ്യപ്പെട്ടിരുന്നത്. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി വിഭാഗത്തിന് ന്യൂനപക്ഷ പദവി നല്‍കിയ 1993-ലെ കേന്ദ്ര ഉത്തരവിനേയും ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തിരുന്നു.