ഓഖി ചുഴലിക്കാറ്റ് 100 നോട്ടിക്കല്‍ മൈല്‍ അകലെ രണ്ട് മൃതദേഹങ്ങള്‍കൂടി
ഓഖി ചുഴലിക്കാറ്റില്‍ രണ്ട് മരണം കൂടി. കടലില്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ ഒഴുകിനടന്ന രണ്ട് മൃതദേഹങ്ങള്‍ തീരസേനയുടെ വൈഭവ് കപ്പല്‍ കണ്ടെത്തി. മല്‍സ്യത്തൊഴിലാളികളുമായി ചേര്‍ന്നു തീരരക്ഷാസേനയും നാവികസേനയും മൂന്നു രാപകല്‍ തുടര്‍ച്ചയായി തിരച്ചില്‍ ആരംഭിച്ചതിനു പിന്നാലെയാണിത്. മൃതദേഹങ്ങള്‍ ഉടന്‍ വിഴിഞ്ഞത്ത് എത്തിക്കും.
ബുധനാഴ്ച കൊച്ചിയില്‍ 23 പേരെയും ലക്ഷദ്വീപില്‍ 111 പേരെയും കണ്ടെത്തിയിരുന്നു. കടലില്‍ ഇപ്പോഴും ബോട്ടുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണു രക്ഷപ്പെട്ടവര്‍ പറയുന്നത്. ഇനിയും ഒന്‍പതു മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. മരിച്ച മല്‍സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. ഓഖി കേരളം നേരിട്ട അപ്രതീക്ഷിത ദുരന്തമാണെന്നും ഇത്രയും ശക്തമായ ചുഴലി നൂറ്റാണ്ടില്‍ ആദ്യമായാണെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്, മുന്നറിയിപ്പ് നേരത്തേ കിട്ടിയില്ലെന്നും വ്യക്തമാക്കി.
ദുരന്തത്തിന്റെ എട്ടാം ദിനമായ ഇന്നും എത്രപേരെ കാണാതായിട്ടുണ്ട് എന്നതിനെപ്പറ്റി സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്കില്ല. കാണാതായവര്‍ 92 എന്ന കണക്കിലെ തെറ്റ് മനസ്സിലാക്കി സര്‍ക്കാര്‍ വീണ്ടും കണക്കെടുപ്പ് തുടങ്ങി. വില്ലേജ് ഓഫിസര്‍മാര്‍ നേരിട്ടെത്തി വിവരം ശേഖരിച്ചു പുതിയ പട്ടികയുണ്ടാക്കാന്‍ റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. 92 പേരെന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും തിരുവനന്തപുരത്തു മാത്രം 174 പേരെ കാണാതായെന്നാണു ലത്തീന്‍ അതിരൂപതയുടെ കണക്ക്. ഇതില്‍ ചെറുവള്ളങ്ങളില്‍ പോയ 103 പേരുടെ കാര്യത്തില്‍ ആശങ്ക വര്‍ധിക്കുകയാണ്.