വിശാലിന്‍റെ പത്രിക സ്വീകരിക്കാന്‍ കഴിയില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ; രാഷ്ട്രീയ പകപോക്കല്‍ എന്ന് വിശാല്‍
ചെന്നൈ : പത്രിക തള്ളിയ വിവാദത്തില്‍ തമിഴ് നടന്‍ വിശാലിന്റെ പത്രിക ഒരു കാരണവശാലും സ്വീകരിയ്‌ക്കാനാകില്ലെന്ന് വാദത്തില്‍ ഉറച്ച് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍.പത്രിക തള്ളിയ കാര്യത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ എസ് വേലുസ്വാമിയുടെ തീരുമാനം അന്തിമമാണ് എന്ന് കമ്മീഷന്‍ അറിയിച്ചു. വിശാലിന് പിന്തുണയറിയിച്ചുകൊണ്ട് ഒപ്പിട്ട ആര്‍ കെ നഗര്‍ സ്വദേശികളില്‍ രണ്ട് പേര്‍ തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇത് പരിഗണിച്ച് റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിച്ചത് ശരിയായ തീരുമാനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ രാജേഷ് ലഖോനി വ്യക്തമാക്കി. അതേസമയം, വിശാലിന്റെ പത്രിക അംഗീകരിയ്‌ക്കുന്നതായി പ്രഖ്യാപിച്ചത് സമ്മര്‍ദ്ദം മൂലമാണെന്ന് റിട്ടേണിംഗ് ഓഫീസര്‍ എസ് വേലുസ്വാമി പറഞ്ഞു.
വിശാലും അനുയായികളും ചുറ്റും കൂടി നിന്ന് തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നും പക്ഷേ തന്റെ അന്തിമഉത്തരവ് ശരിയായ തീരുമാനമായിരുന്നെന്നും വേലുസ്വാമി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. പത്രിക അംഗീകരിച്ചതായി വേലുസ്വാമി പ്രഖ്യാപിയ്‌ക്കുന്ന വീഡിയോ വിശാല്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ മെര്‍സല്‍ സിനിമാ വിവാദത്തില്‍ ബി ജെ പി നേതാക്കളെ പരസ്യമായി വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് വിശാലിന്‍റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.