കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് സ്കൂട്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് വിനു കുര്യന് ജേക്കബ് (25) ചെങ്ങന്നൂരില്‍ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച വെളുപ്പിനെ 12.30-ഓടെ പുത്തന്‍വീട്ടിപ്പടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമായിരുന്നു അപകടം. എന്‍ജിനീയറിങ് പഠനത്തിനുശേഷം തിരുവനന്തപുരത്ത് ക്വാളിറ്റി കണ്ട്രോള് പഠനം നടത്തുകയായിരുന്ന ജേക്കബ് കുറ്റൂര്‍ താഴ്ചയില്‍ ജേക്കബ് കുര്യന്റെ മകനാണ്.
എതിര്‍ദിശയില്‍ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ ഒടിഞ്ഞുമടങ്ങിയ നിലയിലാണ്. പോലീസ് എത്തി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ 3,888 കിലോമീറ്റര്‍ കാറോടിച്ച് ലിംക ബുക്സ് ഓഫ് നാഷണല്‍ റെക്കോഡ്സില്‍ സ്ഥാനംനേടിയിട്ടുണ്ട് ഇദ്ദേഹം. സഹോദരന് ജോ ജേക്കബ്, ബന്ധുവായ ജോസിന് ബേബി എന്നിവര്‍ക്കൊപ്പമായിരുന്നു റെക്കോഡ് പ്രകടനം. 13 സംസ്ഥാനങ്ങള്‍ പിന്നിട്ട കാര്‍ റാലി രണ്ടുദിവസവും അഞ്ചു മണിക്കൂറും കൊണ്ട് കന്യാകുമാരിയില്‍ എത്തി.