ചൈനയുടെ സൈനിക നടപടി നിരീക്ഷിക്കാന്‍ ശേഷിയുള്ള ഡ്രോണ്‍ ഇന്ത്യ നിര്‍മിച്ചു
ചൈനയുടെ സൈനിക നടപടി നിരീക്ഷിക്കാന്‍ ശേഷിയുള്ള ഡ്രോണ്‍ ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ചു. ഏകദേശം 200 കിലോമീറ്റര്‍ അകലെനിന്നുള്ളതടക്കം ടിബറ്റിലെ ഷിഗാസ്റ്റ്‌സെ നഗരത്തിലെ ചൈനീസ് സൈനിക നീക്കങ്ങള്‍വരെ ഇതുപയോഗിച്ച് നിരീക്ഷിക്കാന്‍ സാധിക്കും. നോയിഡ ആസ്ഥാനമാക്കിയ സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് 65,000 അടി ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന ഡ്രോണ്‍ നിര്‍മിച്ചത്. ഡ്രോണ്‍ വിജയകരമായാല്‍ നിലവിലെ നിരീക്ഷണ സാറ്റലൈറ്റുകള്‍ക്കു പകരം ഇവ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
നോയിഡയിലെ ന്യൂസ്‌പേസ് റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജീസാണ് ഡ്രോണ്‍ നിര്‍മിച്ചത്. അരുണാചല്‍ പ്രദേശിലെ തവാങ്ങിനും മുകളില്‍ പറക്കാവുന്ന ഡ്രോണിന് തുടര്‍ച്ചയായി മൂന്നാഴ്ച വരെ ആകാശത്ത് തുടരാനാകും. ബോയിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍തന്നെയാണ് ഡ്രോണിന്റെ ഗവേഷണങ്ങളും നിര്‍മിക്കലും നടന്നത്. ഹൈ ആള്‍ട്ടിറ്റിയൂഡ് സ്യുഡോ സാറ്റലൈറ്റിന്റെ (എച്ച്എപിഎസ്) ഗണത്തില്‍പ്പെടുത്താവുന്ന ഇതിന്റെ ആദ്യ ഡ്രോണ്‍ 2019ല്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ഡ്രോണിന്റെ ഡിസൈനില്‍ തൃപ്തരാണെന്ന് ബോയിങ് അറിയിച്ചിട്ടുണ്ട്. ബോയിങ്ങിലൂടെ തന്നെ ഇത്തരം ഡ്രോണുകള്‍ രാജ്യാന്തരതലത്തിലെത്തിക്കാമെന്നാണ് അധികൃതരുടെ വിശ്വാസം.