കേരളാ ബ്ലാസ്റ്റേഴ്‌സ് ജെഴ്സി മാറുന്നു; കളി മാറുമോ എന്ന് നാളെയറിയാം

കൊച്ചി: സീസണിലെ ആദ്യ എവേ മാച്ചില്‍ പുതിയ ജേഴ്‌സിയിലിറങ്ങാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. നാളെ എഫ്.സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് കറുപ്പ് ജേഴ്‌സി അണിയുമെന്നാണ് സൂചന. നിറം മാറുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ കളി മെച്ചപ്പെടുമോ എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പുതിയ സീസണിലേക്ക് പുത്തന്‍ താരങ്ങളെ എത്തിച്ചു. കളിക്കാരെ പൊസിഷനുകള്‍ മാറ്റി പരീക്ഷിച്ചു. പക്ഷെ മൂന്ന് കളി കഴിഞ്ഞിട്ടും വിജയം കാണാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ഇനി കുഴപ്പം ഈ മഞ്ഞ ജേഴ്‌സിയിലാണെങ്കിലോ, എന്നത് കൊണ്ട് ജഴ്സി മാറ്റി പരീക്ഷിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ പുതിയ ജേഴ്‌സിയിലുള്ള ഫോട്ടോ ഷൂട്ടടക്കം പൂര്‍ത്തിയാക്കി ജേഴ്‌സിയുമായാണ് താരങ്ങള്‍ ഗോവയിലേക്ക് വിമാനം കയറിയത്.

എന്നാല്‍ പുതിയ ജേഴ്‌സി ഔദ്യോഗികമായി പുറത്തിറക്കിയില്ലെന്നതിനാല്‍ നാളെത്തെ മത്സരത്തിന് ജേഴ്‌സി മാറ്റേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ചില സംശയങ്ങളും നിലനില്‍ക്കുന്നു. കറുപ്പ് ടീ ഷര്‍ട്ടില്‍ മഞ്ഞ വരയോടുകൂടിയതാണ് ജേഴ്‌സി. എവേ മാച്ചില്‍ മാത്രമാണ് ജേഴ്‌സി മാറ്റിയുള്ള പരീക്ഷണം. ജേഴ്‌സി മാറിയതുകൊണ്ട് മാത്രം ഗോവയ്‌ക്കെതിരായ മത്സരത്തില്‍ വിജയം കാണാനാകില്ല. നിലവില്‍ മൂന്ന് കളികളില്‍ മൂന്ന് പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. എതിര്‍ പോസ്റ്റിലേക്ക് ആകെ അടിച്ചത് ഒറ്റ ഗോളും.

മറുവശത്ത് ഗോവ മൂന്ന് കളികളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമായി നാലാം സ്ഥാനത്തുള്ള ഗോവ സീസണില്‍ കരുത്താര്‍ജിച്ച് വരുന്നതുകൊണ്ട് അവരെ തോല്‍പ്പിക്കുക പ്രയാസമാണ്. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ വിനീതിന് ഗോവയ്‌ക്കെതിരായ മത്സരത്തിനിറങ്ങാനാകില്ല. ഈ സാഹചര്യത്തില്‍ ഹ്യൂം ആദ്യ ഇലവനില്‍ തിരിച്ചെത്തിയേക്കും.