ലവ് ജിഹാദിന്‍റെ പേരില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സഹായവുമായി മമതാ ബാനര്‍ജി
ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ കൊല ചെയ്യപ്പെട്ട ബംഗാള്‍ സ്വദേശിയുടെ കുടുംബത്തിന് സഹായഹസ്തവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി . കൊലപ്പെട്ട തൊഴിലാളി മുഹമ്മദ് അഫ്രസുളിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നല്‍കുമെന്നും കുടുംബാംഗത്തിന് ജോലി നല്‍കുമെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലക്കാരനായ അഫ്രജുല്‍ ഖാന്‍ എന്ന തൊഴിലാളിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലൗ ജിഹാദ് ആരോപിച്ച് മഴുകൊണ്ട് വെട്ടി വീഴ്ത്തിയശേഷം തീ കൊളുത്തിയാണ് യുവാവിനെ കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെയാണ് ലൗജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തീകൊളുത്തിക്കൊന്നത്. സംഭവത്തില്‍ പ്രതിയായ ശംഭുലാല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശംഭുലാലിന്‍റെ സഹോദരിയുമായുള്ള അഫ്രസുളിന്റെ പ്രണയബന്ധം ആരോപിച്ചായിരുന്നു അരുംകൊല.
രാജസ്ഥാനിലെ രാജ്സമന്ദില്‍ തൊഴില്‍ വാഗ്ദ്ധാനം നല്‍കി കൂട്ടിക്കൊണ്ടുപോയാണ് മുഹമ്മദ് അഫ്രസുളിനെ ശംഭുലാല്‍ റഗാര്‍ കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തീകൊളുത്തിക്കൊന്നത്. സുഹൃത്തിന്‍റെ സഹായത്തോടെ ശംഭുലാല്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ജീവന് വേണ്ടി യാചിക്കുന്ന അഫ്രസുളിനെയും ലൗജിഹാദ് നിര്‍ത്തിയില്ലെങ്കില്‍ ഇതായിരിക്കും അവസ്ഥയെന്ന് ഭാരത് മാതാ കീ ജയ് വിളിയോടെ ശംഭുലാല്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ശംഭുലാലിന്റെ സഹോദരിയുമായി അഫ്രസുളിന് പ്രണയബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. അരുംകൊലയെക്കുറിച്ച് അന്വേഷിക്കാന്‍ രാജസ്ഥാന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ഗുലാംബ് ചന്ദ് കത്താരിയ പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് പാതി കത്തിക്കരിഞ്ഞ മൃതദേഹവും ഒരു കോടാലിയും സ്‌കൂട്ടറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പശ്ചിമബംഗാള്‍ സ്വദേശിയും കരാര്‍ ജീവനക്കാരനുമായ മുഹമ്മദ് അഫ്രസുല്‍ കുടുംബത്തോടൊപ്പമാണ് രാജ്സമന്ദില്‍ താമസിക്കുന്നത്. അതുപോലെ അഫ്രജുലിന്റെ ഭാര്യയ്ക്ക് ജില്ലാ ഭരണകൂടവും എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.