മുന്‍മന്ത്രി ഉറങ്ങുന്നത് ‘സെമിത്തേരിയില്‍; ആളാവാനല്ല ഈ ഉറക്കം, അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കാന്‍
ബെലഗവി(കര്‍ണാടക): അന്ധവിശ്വാസങ്ങള്‍ പലപ്പോഴും മനുഷ്യജീവനെടുത്ത സംഭവങ്ങള്‍ പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്.ലോകം മികച്ച സാങ്കേതിക വിദ്യകളിലൂടെ ഏറെ മുന്നോട്ടുപോയെങ്കിലും ഇന്നും അന്ധവിശ്വാസികളുടെ എന്നതില്‍ വലിയ കുറവ് വന്നിട്ടില്ല. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ വേറിട്ട രീതിയില്‍ പോരാടുകയാണ് കര്‍ണാടകയിലെ മുന്‍ മന്ത്രിയായ സതീഷ് ജര്‍കിഹൊളി. എല്ലാ വര്‍ഷവും ഒരു രാത്രി സെമിത്തേരിയില്‍ കിടന്നുറങ്ങിയാണ് ഇദ്ദേഹത്തിന്റെ വേറിട്ട പോരാട്ടം.
വര്‍ഷം തോറും ഡിസംബര്‍ 6നാണ് ജര്‍കിഹൊളി സെമിത്തേരിയില്‍ അന്തിയുറങ്ങാനെത്തുന്നത്. ആദ്യമൊക്കെ ജര്‍കിഹൊളി മാത്രമായി തുടങ്ങിയ ഈ പതിവ് ഇപ്പോള്‍ പിന്തുടരുന്നത് അമ്പതിനായിരത്തോളം ആളുകളാണ്. ഒരുദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് ഇപ്പോള്‍ ഈ ദിവസം ആഘോഷമാക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ്സുകളും പരിപാടിയോടനുബന്ധിച്ച് നടത്തപ്പെടുന്നു.
സെമിത്തേരിയില്‍ നിലത്ത് മെത്ത വിരിച്ചാണ് അന്നേദിവസം എല്ലാവരും കിടന്നുറങ്ങുക. ഇക്കുറി ജര്‍കഹൊളിക്ക് പിന്തുണയുമായി ബിഎംടിസി ചെയര്‍മാന്‍ നാഗരാജ് യാദവും ഒപ്പമുണ്ടായിരുന്നു. കര്‍ണാടകയിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൂര്‍ണമായും ഒഴിവാക്കുന്നതുവരെ തന്റെ പോരാട്ടം തുടരനുറച്ചിരിക്കുകയാണ് ജര്‍കഹൊളി. പ്രതിഷേധപരിപാടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അടുത്ത വര്‍ഷം 60,000 പേരെയെങ്കിലും പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം സെമിത്തേരിയില്‍ ഇത്തരം പരിപാടികള്‍ നടത്താന്‍ സമ്മതിക്കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ എതിരാളികള്‍ ജര്‍കിഹൊളിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുമുണ്ട്. എന്നാല്‍, പരാതി സ്വീകരിച്ചതല്ലാതെ ഹൈക്കമാന്‍ഡ് ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ തയ്യാറായില്ലെന്നത് കൂടുതല്‍ മുന്നോട്ടു പോകാന്‍ പ്രചോദനമായെന്ന് ജര്‍കിഹൊളി പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുക്തിവാദികളെയും പ്രഗത്ഭരായ ചിന്തകരെയും ഉള്‍പ്പെടുത്തി അടുത്ത ഡിസംബര്‍ 6ന് വിപുലമായ പരിപാടി സംഘടിപ്പിക്കാനാണ് നാല് തവണ എംഎല്‍എ ആയിട്ടുള്ള ജര്‍കിഹൊളിയുടെ തീരുമാനം.