ശമ്പളമില്ലാതെ വലഞ്ഞ റെഹാന നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ശമ്പളമില്ലാതെ പ്രവാസജീവിതം വഴിമുട്ടിയ ഇന്‍ഡ്യാക്കാരി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി, വനിതാ അഭയകേന്ദ്രം വഴി നാട്ടിലേയ്ക്ക് മടങ്ങി. മുംബൈ സ്വദേശിനി റെഹാനയാണ് ഏറെ കഷ്ടപ്പാടുകള്‍ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്.
ഏറെ പ്രതീക്ഷകളോടെ മൂന്ന്മാസം മുമ്പാണ് റെഹാന നാട്ടില്‍ നിന്നും സൗദി അറേബ്യയിലെ ദമ്മാമില്‍ വീട്ടുജോലിയ്ക്ക് എത്തിയത്. പകലന്തിയോളം കഠിനമായ ജോലി, മതിയായ വിശ്രമമോ, ആഹാരമോ കിട്ടാത്ത അവസ്ഥ, അനാവശ്യമായ ശകാരം എന്നിങ്ങനെ ആ വീട്ടിലെ ജോലി സാഹചര്യങ്ങള്‍ വളരെ മോശമായിരുന്നു. എങ്കിലും നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് കഴിവതും ആ ജോലിയില്‍ പിടിച്ചു നില്‍ക്കാന്‍ റെഹാന ശ്രമിച്ചു.
വന്നിട്ട് മാസം മൂന്നു കഴിഞ്ഞിട്ടും ഒരു റിയാല്‍ പോലും ആ വീട്ടുകാര്‍ ശമ്പളമായി നല്‍കിയില്ല. ചോദിച്ചാല്‍ അതിനും ശകാരം കിട്ടും. ആകെ ബുദ്ധിമുട്ടിലായ റെഹാന ഒരു ദിവസം ആരുമറിയാതെ ആ വീട് വിട്ടിറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. സൗദി പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ചേര്‍ത്തു.
വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് റെഹാന സ്വന്തം അവസ്ഥ വിവരിച്ച്, നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു റെഹാനയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ടെങ്കിലും അവര്‍ സഹകരിയ്ക്കാന്‍ തയ്യാറാകാതെ കൈയൊഴിഞ്ഞു. തുടര്‍ന്ന് മഞ്ജു വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ റെഹാനയ്ക്ക് ഫൈനല്‍ എക്‌സിറ്റും, ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ ഔട്ട്പാസ്സും എടുത്തു കൊടുത്തു. ദമ്മാമില്‍ ജോലി ചെയ്യുന്ന റെഹാനയുടെ ഒരു ബന്ധു വിമാനടിക്കറ്റ് എടുത്തു കൊടുത്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി റെഹാന നാട്ടിലേയ്ക്ക് മടങ്ങി.