ഓഖി ദുരന്തം:180 മല്‍സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി
കൊച്ചി:ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 180 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി. നാവികസേനയുടെ ഐ.എന്‍.എസ് കല്‍പ്പേനി എന്ന കപ്പല്‍ നടത്തിയ തിരച്ചിലില്‍ ലക്ഷദ്വീപിനു സമീപമാണ് ഇവരെ കണ്ടെത്തിയത്.
17 ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നത്. ഇവരെ കൊച്ചിയിലെത്തിച്ചു. കണ്ടെത്തിയ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന കേന്ദ്രത്തില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. ശക്തമായ കൊടുങ്കാറ്റില്‍ ഒറ്റപ്പെട്ടുപോവുകയായിരുന്നു ഇവര്‍.ഇവര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായും നാവികസേന വ്യക്തമാക്കി. വിവിധ പ്രദേശങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിനു പോയവരാണ് ഇവര്‍. ഏതു നാട്ടില്‍നിന്നുള്ളവരാണെന്നതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും നാവിക സേന അറിയിച്ചു.
ഇതിനിടെ, ലക്ഷദ്വീപില്‍ കണ്ടെത്തിയ അഞ്ച് ഗുജറാത്തി മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. ഒന്നാം തീയതിയാണ് ഇവരെ ലക്ഷദ്വീപ് ഭരണകൂടം രക്ഷപ്പെടുത്തിയത്. രണ്ടാം തീയതി രക്ഷപ്പെടുത്തിയ തമിഴ്നാട്, അസം സ്വദേശികളായ 50 മത്സ്യത്തൊഴിലാളികളെക്കൂടി നാളെ കൊച്ചിയിലെത്തിക്കും.